മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മറുപടിയുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്ത്. സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അതിന് വേണ്ടി ശ്രമിക്കുന്നത് പൊലീസ് ആണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന പ്രസ്താവനയോടും അൻവർ പ്രതികരിച്ചു.
‘സ്വാതന്ത്ര്യമുണ്ടെന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. എന്നാൽ അത് നടക്കാറില്ല. എംവി ഗോവിന്ദന് അങ്ങനെ പറയാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവർത്തികമായിരുന്നു. യഥാർത്ഥ സഖാക്കൾക്ക് കാര്യം ബോദ്ധ്യമായിട്ടുണ്ട്. ജനങ്ങളുടെ വിഷയത്തിൽ തീപ്പന്തമായി കത്തും. പുതിയ സംഘടന രൂപീകരിക്കാനുള്ള ആലോചനയുണ്ട്. ജനങ്ങൾ ഒപ്പമുണ്ടെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കും’- പിവി അൻവർ വ്യക്തമാക്കി.
നേരത്തെ അൻവറിനെ രൂക്ഷമായ ഭാഷയിലാണ് എംവി ഗോവിന്ദൻ വിമർശിച്ചത്. അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്നും പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായി ധാരണയില്ലെന്ന് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡൽഹിയിലെ കേരള ഹൗസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഇത്രയും കടുത്തൊരു പ്രഹരം മുഖ്യമന്ത്രിയും സി.പി.എമ്മും സമീപ കാലത്തൊന്നും നേരിട്ടിട്ടില്ല. പത്രസമ്മേളനത്തിൽ പിവി അൻവർ വിളിച്ചു പറഞ്ഞതിനെ പ്രതിരോധിക്കാൻ പാർട്ടി ഏറെ പണിപ്പെടേണ്ടി വരുകയാണ്. അൻവറിന്റെ ആരോപണങ്ങളുടെ വിശ്വാസ്യത എന്തുതന്നെയായാലും പൊതുസമൂഹത്തിൽ അത് ഒരുപാട് ചോദ്യങ്ങൾ ഉയർത്തുമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയേയും,ആഭ്യന്തര വകുപ്പിനെയും ഇന്നലെ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിച്ചപ്പോൾ ആദ്യം അമ്പരന്നു നിൽക്കുന്ന അവസ്ഥയിലായിരുന്നു പാർട്ടി നേതൃത്വം.