വിദ്യാർത്ഥികളില്ലാതെ അദ്ധ്യാപകർ മാത്രമുളള സർക്കാർ സ്കൂളുകളുടെ കഥ പറയുന്ന നിരവധി സിനിമകൾ മലയാളത്തിലടക്കം നിരവധി ഭാഷകളിലുണ്ട്. ഉന്നത അധികാരികൾ പരിശോധനയ്ക്കായി വിദ്യാലയങ്ങളിൽ എത്തുമ്പോൾ കുട്ടികളുണ്ടെന്ന് ബോദ്ധ്യപ്പെടുത്താനായി നെട്ടോട്ടമോടുന്ന സ്കൂൾ അദ്ധ്യാപകരുടെ അവസ്ഥകളും നാം സിനിമകളിൽ കണ്ടിട്ടുണ്ട്. ഇത് സിനിമകളിൽ മാത്രമേയുളളൂവെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ തെറ്റിപ്പോയി. അത്തരത്തിലുളള ചില കണക്കുകളാണ് അടുത്തിടെ പുറത്തുവന്നിരിക്കുന്നത്.
പറയുന്നത് മദ്ധ്യപ്രദേശിലെ സർക്കാർ വിദ്യാലയങ്ങളുടെ അവസ്ഥയാണ്. ഈ അദ്ധ്യായന വർഷം സംസ്ഥാനത്തെ ആയിരത്തിൽപരം സർക്കാർ വിദ്യാലയങ്ങളിൽ പുതിയ വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂളുകളിലേക്ക് ആകർഷിപ്പിക്കുന്നതിനായി സൗജന്യ യൂണിഫോമും ഗുണനിലവാരമുളള വിദ്യാഭ്യാസവും ഉച്ചഭക്ഷണവും വാഗ്ദ്ധാനം ചെയ്യുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് വിവരം.
ഇതോടെ സർക്കാർ വിദ്യാലയങ്ങളിൽ മക്കളെ പഠിപ്പിക്കുകയെന്ന തീരുമാനത്തിൽ നിന്ന് മാറി ചിന്തിക്കുകയാണ് രക്ഷിതാക്കൾ. മദ്ധ്യപ്രദേശിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024-25 അദ്ധ്യായന വർഷത്തിൽ സംസ്ഥാനത്തെ 5,500ൽ പരം സ്കൂളുകളിലും ഒന്നാം ക്ലാസിലേക്ക് പുതിയ പ്രവേശനം നടന്നിട്ടില്ല. ഇതോടെയാണ് സർക്കാർ സ്കൂളുകളിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുളള അവസ്ഥ ഉണ്ടാകുന്നതെന്ന ചോദ്യം ഉയർന്നുവന്നത്.
ഞെട്ടിക്കുന്ന കണക്കുകൾ
കണക്കനുസരിച്ച് സംസ്ഥാനത്തെ 5000 ഓളം സർക്കാർ വിദ്യാലയങ്ങളിൽ പുതിയ പ്രവേശനം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഏകദേശം 2500ഓളം സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് ഒന്നോ രണ്ടോ വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശനം നേടിയിട്ടുളളത്. 11,345 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണം പത്തിൽ താഴെയാണ്.
സിയോനി, സത്ന, നർസിംഗ്പൂർ, ബേതുൽ, ഖാഗോൺ, സാഗർ, വിദിഷ, റെയ്സൺ, മന്ദ്സൗർ, ദേവാസ് എന്നീ ജില്ലകളിലുളള വിദ്യാലയങ്ങളിൽ പുതിയ പ്രവേശനം നടന്നിട്ടില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ റാവു ഉദയ് പ്രതാപ് സിംഗിന്റെ സ്ഥലം സ്ഥിതി ചെയ്യുന്ന നർസിംഗ്പൂർ ജില്ലയിലെ വിദ്യാലയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ജില്ലയിലെ 299 ഓളം സ്കൂളുകളിൽ ഒന്നാം ക്ലാസുകളിൽ വിദ്യാർത്ഥികളില്ല. കൂടാതെ പുതിയ പ്രവേശനങ്ങളും നടക്കാത്ത സംസ്ഥാനത്തെ സ്കൂളുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് നർസിംഗ്പൂർ.
ഈ കണക്കുകൾ നിരാശ വർദ്ധിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം നീണ്ട ബിജെപിയുടെ ഭരണം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ എങ്ങനെയാണ് തുറന്നുകാട്ടുന്ന കണക്കുകളാണ് അവയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം നന്നായി മുന്നോട്ടുപോകുന്നുവെന്നാണ് സർക്കാരിന്റെ വാദമെന്നും ഭൂപേന്ദ്ര വ്യക്തമാക്കി.
രക്ഷിതാക്കളുടെ അവഗണന
ഭോപ്പാലിനടുത്തുളള ബെറാസിയ എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന മംഗൽ തൗഡേ എന്ന ഹോട്ടൽ ജീവനക്കാരൻ തന്റെ മകളെ ആദ്യം ഒരു സർക്കാർ വിദ്യാലയത്തിൽ ചേർക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സ്കൂൾ സന്ദർശിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. ചോർന്നൊലിക്കുന്ന ക്ലാസ് മുറികളാണ് അയാൾ അവിടെ കണ്ടത്. ഇതോടെയാണ് മകളെ സ്വകാര്യ വിദ്യാലയത്തിൽ ചേർക്കാമെന്ന് തീരുമാനിച്ചതെന്ന് എൻഡിറ്റിവിയോട് വ്യക്തമാക്കി.
സംസ്ഥാനത്തെ ഭൂരിഭാഗം രക്ഷിതാക്കളുടെയും അവസ്ഥ ഇതുതന്നെയാണ്. സർക്കാർ രേഖകളനുസരിച്ച് സംസ്ഥാനത്തെ 7,189ൽ പരം വിദ്യാലയങ്ങളിലും ഇനിയും അറ്റക്കുറ്റ പണികൾ ചെയ്തുതീർക്കേണ്ടതുണ്ട്. മതിയായ പണം ലഭിക്കാത്തതുകൊണ്ട് അവയെല്ലാം ചോദ്യ ചിഹ്നമായി മാറുകയാണ്. വിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ കഴിഞ്ഞ വർഷം രണ്ട് ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ പണം എങ്ങോട്ട് പോയെന്ന ചോദ്യവും ഉണ്ട്.
അദ്ധ്യാപകരുടെ അപര്യാപ്തത
മതിയായ അദ്ധ്യപകരുടെ കുറവാണ് മറ്റൊരു പ്രശ്നം. സംസ്ഥാനത്തെ 46 ജില്ലകളിലെ 1,275 ഓളം വിദ്യാലയങ്ങളിൽ സ്ഥിരനിയമിതരായ അദ്ധ്യാപകരുടെ എണ്ണം കുറവാണ്. കൂടാതെ 6,838 സ്കൂളുകളിലെ ഓരോ ക്ലാസുകളിൽ നിയമിച്ചിരിക്കുന്നത് ഒരു ജീവനക്കാരനെയായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറി നിലയിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനുപാതം 30: 1 എന്നും അപ്പർ പ്രൈമറി നിലയിൽ യഥാക്രമം 35: 1 എന്നാണ്. ഇപ്പോഴും സംസ്ഥാനത്തിൽ 1.7 ലക്ഷം താൽക്കാലിക നിയമിതരായ അദ്ധ്യാപകരാണ് ഉളളത്. ഇവർക്ക് അദ്ധ്യാപനം കൂടാതെ മറ്റുപല ജോലികളും ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നുണ്ട്. ഓരോ സ്കൂളുകളിലും ലഭ്യമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും മദ്ധ്യപ്രദേശിൽ ഇല്ലാത്തതിനാലാണ് രക്ഷിതാക്കൾ മക്കളുടെ ഭാവി കരുതി സ്വകാര്യ വിദ്യാലയങ്ങളിൽ ചേർക്കുന്നത്.
അധികാരികൾ പറയുന്നത്
സർക്കാർ സ്കൂളുകളിൽ നഴ്സറി ക്ലാസുകൾ ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഈ പ്രശ്നം കാരണമാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആറ് വയസ് പൂർത്തിയായ കുട്ടികളെ സ്കൂളിൽ ചേർത്തിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ ഈ മാസം അവസാനത്തോടെ ഒരു പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.