ന്യൂഡൽഹി: നിലമ്പൂർ എംഎൽഎ പിവി അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായി ധാരണയില്ലെന്ന് വ്യക്തമാകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡൽഹിയിലെ കേരള ഹൗസിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പിവി അൻവർ കോൺഗ്രസ് പ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ ഒരു അംഗമായിരുന്നു. കെ കരുണാകരൻ ഡിഐസി രൂപീകരിച്ച സന്ദർഭത്തിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്. ഡിഐസി കോൺഗ്രസിലേക്ക് തിരിച്ചു പോയെങ്കിലും അദ്ദേഹം കോൺഗ്രസിലേക്ക് തിരിച്ചുപോയില്ല. അതിന് ശേഷമാണ് അദ്ദേഹം പാർട്ടിയുമായി ചേർന്ന് സഹകരിക്കുന്ന നിലപാട് സ്വീകരിച്ചത്. ഇടതുപക്ഷത്തിന്റെ സഹകരണത്തോടെ സ്വതന്ത്രനായാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ ജയിച്ചത്. അതിന് മുമ്പ് അദ്ദേഹം ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുകയാണ് ഉണ്ടായത്’- ഗോവിന്ദൻ പറഞ്ഞു.
അൻവറിന് വേണ്ട എല്ലാ പരിഗണനയും പാർട്ടി നൽകിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അൻവർ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്ററി പാർട്ടി അംഗം മാത്രമാണ്. കമ്മ്യൂണിസ്റ്റ് സംവിധാനത്തെക്കുറിച്ച് അറിയില്ല. അൻവറിന്റെ പരാതി പാർട്ടി കേൾക്കാതിരുന്നിട്ടില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചതിന് ശേഷമാണ് അദ്ദേഹം പരാതി നൽകിയത്. അൻവർ അച്ചടക്ക ലംഘനം നടത്തി. സാധാരണക്കാരുടെ വികാരം ഉൾക്കൊണ്ടല്ല അദ്ദേഹം സംസാരിക്കുന്നത്. തെറ്റു ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അൻവറിന് ഉറപ്പ് നൽകി’-ഗോവിന്ദൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]