ലക്നൗ: സ്കൂളിന് നല്ലത് വരാനായി രണ്ടാം ക്ലാസുകാരനെ ബലിനൽകി. ഉത്തർപ്രദേശിലെ ഹാത്രാസിലാണ് സംഭവം. സ്കൂൾ ഡയറക്ടറും അദ്ധ്യാപകരും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ഈ മാസം 22നായിരുന്നു സംഭവം.
സ്കൂൾ ഡയറക്ടറുടെ പിതാവായ ദിനേശ് ബാഘേൽ ആണ് കേസിലെ മുഖ്യപ്രതി. ഇയാൾ ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നു. സ്കൂളിന് വിജയമുണ്ടാകാൻ വിദ്യാർത്ഥിയെ ബലി നൽകണമെന്ന് മകനെയും അദ്ധ്യാപകരെയും വിശ്വസിപ്പിക്കുകയും ചെയ്തു. സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് വിദ്യാർത്ഥിയെ ബലി നൽകണമെന്നാണ് ബാഘേൽ മറ്റുള്ളവരെ അറിയിച്ചത്. ഇതിനായി സ്കൂൾ ഹോസ്റ്റലിൽ നിന്നും കുട്ടിയെ അവിടെക്കെത്തിച്ചു. ഭയന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മകന് സുഖമില്ലെന്നും എത്രയും വേഗം സ്കൂളിലെത്തണമെന്നും പ്രതികൾ വിദ്യാർത്ഥിയുടെ പിതാവിനെ വിളിച്ചറിയിച്ചു. പിതാവ് സ്കൂളിലേക്കും പോകുന്നതിനിടെ പ്രതികൾ വീണ്ടും വിളിച്ചു. നില ഗുരുതരമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് പറഞ്ഞത്. ഡയറക്ടറുടെ കാറിനെ പിതാവ് പിന്തുടർന്നെങ്കിലും കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് സദാബാദിൽ വച്ച് കാറിനെ പിന്തുടർന്ന് പിടിക്കുകയും കാറിനുള്ളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സെപ്തംബർ ഒമ്പതിന് മറ്റൊരു കുട്ടിയെ ബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നു. എന്നാൽ, ശ്രമം പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് ആഴ്ചകൾക്ക് ശേഷം രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ ദുർമന്ത്രവാദം നടത്തുന്നതിനുള്ള വസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.