
.news-body p a {width: auto;float: none;}
ടെൽ അവീവ്: ലെബനനിൽ വെടിനിറുത്തലിനായി യു.എസിന്റെ നേതൃത്വത്തിലെ സഖ്യരാജ്യങ്ങൾ മുന്നോട്ടുവച്ച കരാർ തള്ളി ഇസ്രയേൽ. ഹിസ്ബുള്ളക്കെതിരെ പൂർണ ശക്തിയോടെ പോരാടാൻ സൈന്യത്തോട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. പിന്നാലെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ എയർ ഫോഴ്സ് യൂണിറ്റ് മേധാവി മുഹമ്മദ് ഹുസൈൻ സുരൂറിനെ വധിച്ചു. ഇസ്രയേലിലെ നിരവധി ഡ്രോൺ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രമാണ് ഇയാൾ. 75ലേറെ ആയുധ കേന്ദ്രങ്ങൾ തകർത്തു. തിങ്കളാഴ്ച മുതൽ തെക്കൻ ലെബനനിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 648 ആയി. 2,500 ലേറെ പേർക്ക് പരിക്കേറ്റു. ലെബനൻ-സിറിയ അതിർത്തിയിലെ ഹിസ്ബുള്ള കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചു. സിറിയയിൽ ഒരു പാലം തകർന്നു. ഇതിനിടെ വടക്കൻ ഇസ്രയേലിലെ കിർയാത് ഷ്മോണ നഗരത്തിന് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. ആളപായമില്ല.
ഹൈഫയിൽ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായെങ്കിലും കേടുപാടില്ലെന്നാണ് വിവരം. ഇസ്രയേലിന്റെ വജ്രായുധമായ അയൺ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന്റെ നിർമ്മാതാക്കളാണ് റാഫേൽ. ഇതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 41,530 കടന്നു.
21 ദിവസം വെടിനിറുത്തൽ വേണം
21 ദിവസത്തെ ഹിസ്ബുള്ള-ഇസ്രയേൽ വെടിനിറുത്തൽ വേണമെന്നാണ് യു.എസ്, യു.കെ, ഫ്രാൻസ്, സൗദി അറേബ്യ തുടങ്ങി 12 രാജ്യങ്ങൾ ആവശ്യപ്പെട്ടത്. ഇത് നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ ഇസ്രയേൽ ഉടൻ കരയുദ്ധം തുടങ്ങുമെന്ന ഭീതിയ്ക്കിടെയാണ് നീക്കം. യു.എൻ ജനറൽ അസംബ്ലിയുടെ 79-ാം സെഷനിന്റെ ഭാഗമായി ലോകനേതാക്കൾ ന്യൂയോർക്കിൽ വിഷയം ചർച്ച ചെയ്തു. ഇന്നലെ ന്യൂയോർക്കിലെത്തിയ നെതന്യാഹു ഇന്ന് യു.എന്നിൽ അഭിസംബോധന നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യക്കാർ ലെബനൻ യാത്ര ഒഴിവാക്കണം
ന്യൂഡൽഹി: സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ലെബനനിൽ താമസിക്കുന്നർ രാജ്യം വിടുകയോ ജാഗ്രത പാലിക്കുകയോ ചെയ്യണം. ആഭ്യന്തര യാത്ര ഒഴിവാക്കണം. വ്യാപകമായ വ്യോമാക്രമണത്തിന് ശേഷം ലെബനനിൽ കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടെയാണിത്. ആഗസ്റ്റ് ഒന്നിന്റെ മുന്നറിയിപ്പിന് തുടർച്ചയായാണ് പുതിയ അറിയിപ്പ് എംബസി പുറത്തിറക്കിയത്. അടിയന്തര സാഹചര്യങ്ങളിൽ ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. (ഇമെയിൽ: [email protected] ഫോൺ നമ്പർ +96176860128)