
പത്തനംതിട്ട: ഡോക്ടർ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന വിവാദ സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തെ ന്യായീകരിച്ചും ഇടനില നിന്ന അഖിൽ സജീവിനെ കുറ്റപ്പെടുത്തിയും പത്തനംതിട്ട സിപിഎം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പിബി ഹർഷകുമാർ സിഐടിയു ലെവി ഫണ്ടിൽ നിന്ന് അഖിൽ സജീവ് മൂന്ന് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നും അതിൽ ക്രിമിനൽ കേസ് കോടതിയുടെ പരിഗണനയിലാണെന്നും വ്യക്തമാക്കി. അതേസമയം അഖിൽ മാത്യു അത്തരക്കാരനല്ലെന്നും അദ്ദേഹത്തിനെതിരെ അത്തരം പരാതികൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഹർഷകുമാർ പറഞ്ഞു.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ അംഗങ്ങളുടെ ലെവിയിൽ അഖിൽ സജീവ് തട്ടിപ്പ് നടത്തിയെന്നാണ് ഹർഷകുമാർ പറഞ്ഞത്. വ്യാജ സീലും വ്യാജ ഒപ്പും ഇട്ട് ബാങ്കിന്റെ വ്യാജ വൗച്ചർ വരെ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. മൂന്ന് ലക്ഷത്തോളം രൂപ ഇത്തരത്തിൽ തട്ടിയെടുത്തു. ആ സമയത്ത് സിഐടിയു ഓഫീസ് സെക്രട്ടറി മാത്രമായിരുന്നു. അതല്ലാതെ പലരോടും ടൂറിസം ഡിപാർട്മെന്റിലും ട്രാവൻകൂർ ടൈറ്റാനിയത്തിലും ജോലി ശരിയാക്കി കൊടുക്കാമെന്ന് പണം വാങ്ങുകയും ചെയ്തിട്ടുണ്ടെന്നും ഹർഷകുമാർ കുറ്റപ്പെടുത്തി.
ആദ്യ പത്രങ്ങളിൽ ഇത് സംബന്ധിച്ച് വാർത്ത വന്നപ്പോൾ അഖിൽ സജീവിനോട് വിശദീകരണം തേടി. ആരോപണങ്ങൾ അയാൾ നിഷേധിച്ചു. എന്നാൽ പിന്നാലെ സിഐടിയുവിന് പരാതി ലഭിച്ചു. ഇതോടെ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അതല്ലാതെ സിഐടിയുവിലോ പാർട്ടിയിലോ മറ്റ് പദവികൾ ഉണ്ടായിരുന്നില്ല. അന്ന് തൊഴിലാളികളുടെ ബോണസ് വിഹിതം അടക്കം ചേർത്ത് ലെവി ഫണ്ടിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ നല്ലൊരു വിഹിതം അയാളിൽ നിന്ന് സിഐടിയു തിരിച്ച് ഈടാക്കിയെന്നും ഹർഷകുമാർ പറഞ്ഞു.
സംഭവത്തിൽ സിഐടിയു അഖിൽ സജീവിനെതിരെ പൊലീസിൽ പരാതി നൽകി. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആളുകളും പരാതി നൽകിയിരുന്നു. ആ കേസുകൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കേസുകൾ ഒഴിവാക്കണമെന്ന് പറഞ്ഞ് ചില ദൂതന്മാരെ ഈയിടം അഖിൽ സജീവ് വിട്ടിരുന്നു. നടക്കില്ലെന്ന് സിഐടിയു നിലപാടെടുത്തു. പണം നൽകിയ ആളുകൾക്ക് പണം തിരികെ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അയാൾ മന്ത്രിയുടെ സ്റ്റാഫിലില്ലെന്നും പാർട്ടിയുമായും അഖിൽ സജീവിന് ബന്ധമില്ലെന്നും ഹർഷകുമാർ പറഞ്ഞു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്
Last Updated Sep 27, 2023, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]