
ആലപ്പുഴ: കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായി വയോധികൻ. പുന്തല രതീഷ് ഭവനത്തിൽ ഗോപാലകൃഷ്ണ പിള്ളയാണ് കളഞ്ഞു കിട്ടിയ മാലയും വളയും കമ്മലും മോതിരവും ഉൾപ്പെടെ 5 പവനോളം സ്വർണവും 300 രൂപയും തിരികെ നല്‍കിയത്.
വെണ്മണി പൊയ്കമുക്കിന് സമീപം റോഡില്‍ തുണികളും മറ്റും ചിതറിക്കിടക്കുന്നതുകണ്ട് ഗോപാലകൃഷ്ണ പിള്ള വീട്ടിൽ നിന്നും പുറത്തിറങ്ങി നോക്കുകയായിരുന്നു. തുണികൾ റോഡ് സൈഡിലേക്ക് മാറ്റിയിടുന്നതിനിടയിലാണ് തുണികൾക്കിടയിൽ നിന്നും മാലയും വളയും കമ്മലും മോതിരവും ഉൾപ്പെടെ 5 പവനോളം സ്വർണവും 300 രൂപയും കിട്ടിയത്. വിവരം ഉടനെ പഞ്ചായത്ത് മെമ്പർ ബാബുവിനെ അറിയിച്ചു. തുടര്‍ന്ന് സ്വർണവും പണവും വെൺമണി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.
പൊലീസ് അന്വേഷണത്തിലൂടെ സ്വര്‍ണത്തിന്റെ ഉടമയെ കണ്ടെത്തി. പുന്തല കിഴക്കേപ്പുറത്ത് വടക്കേതിൽ വീട്ടിൽ സുശീലയുടെ മകൾ അതുല്യയുടേതായിരുന്നു സ്വര്‍ണം. പ്രായാധിക്യത്താൽ ഓര്‍മ്മക്കുറവുള്ള സുശീലയുടെ അമ്മ വസുമതി വീട്ടിൽ നിന്നും കൊണ്ടു ചെന്നിട്ട തുണിക്കെട്ടിലാണ് സ്വർണവും പണവും ഉണ്ടായിരുന്നത്. ഗോപാലകൃഷ്ണ പിള്ള സ്വർണവും പണവും അതുല്യയെയും മാതാവ് സുശീലയേയും തിരികെ ഏൽപ്പിച്ചു. വെണ്മണി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആന്റണി, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജ, വിവേക്, അനുരൂപ്, സുദീപ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്. സബ്ബ് ഇൻസ്പെക്ടർ ആന്റണി ഗോപാലകൃഷ്ണനെ അനുമോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]