
ഇടുക്കി: ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ തോട്ടം ലയങ്ങളിൽ പ്രാണഭയത്തോടെ ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ. ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എസ്റ്റേറ്റ് ലയങ്ങളിൽ അപകട സാധ്യതയിൽ കഴിയുന്നത്. ഏത് നിമിഷവും നിലം പൊത്താറായ ലയങ്ങളാണ് ഭൂരിഭാഗവും. ഇത് പുതുക്കിപ്പണിയാനോ പുതിയവ പണിയാനോ മാനേജ്മെന്റുകളോ സർക്കാരോ നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം പീരുമേട് ലേബർ ഓഫീസിൽ പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വിവിധ യൂണിയൻ – തോട്ടം മാനേജ്മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ചില മാനേജ്മെന്റ് ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളെ അയക്കാത്തതിനാൽ മാനേജ്മെന്റിനെ തനിച്ച് യോഗം വിളിക്കുവാൻ പ്ലാന്റേഷൻ ഇൻസ്പെക്ടർ തീരുമാനിച്ചു. ഉത്തരവാദിത്വം കാണിക്കാത്ത മാനേജ്മെന്റുകൾക്കെതിരെ വിവിധ യൂണിയൻ നേതാക്കളുടെ പ്രതിഷേധവും ഉയർന്നിരുന്നു. പീരുമേട് താലൂക്കില്‍ ഏകദേശം പൂട്ടിയ തോട്ടങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായി അമ്പത്തിയാറോളം തോട്ടങ്ങളാണുള്ളത്. ഇതില്‍ 1658 ലയങ്ങളും ഉള്‍പ്പെടും. പതിനായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാര്‍ക്കുന്നത്. ഇപ്പോൾ പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്. ഇക്കാരണത്താലാണ് അധികൃതര്‍ തോട്ടം തൊഴിലാളികളുടെ ദുരിതം കാണാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒന്നര മാസത്തിനിടയിൽ തകർന്ന് വീണത് നാല് ലയങ്ങളും ഒരു ശുചി മുറിയുമാണ്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ വാളാർഡി എസ്റ്റേറ്റിൽ രണ്ടും പോബ്സ് ഗ്രൂപ്പിന്റെ മഞ്ചുമല തേങ്ങാക്കൽ എസ്റ്റേറ്റുകളിൽ ലയവും ശുചിമുറിയും ഇടിഞ്ഞ് വീണിരുന്നു. ഇതിൽ ഒരു വയസു കാരിക്ക് നിസാര പരിക്കും ശുചിമുറി തകർന്ന് വീണ് 54 കാരിക്ക് ഗുരുതര പരിക്കുമുണ്ടായി.
ഇവിടെ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം ഓരോ ദിവസം പിന്നിടുമ്പോഴും ദുരിത പൂര്‍ണമാകുകയാണ്. 2021-ൽ കോഴിക്കാനം എസ്റ്റേറ്റിൽ ലയം തകർന്ന് വീണ് സ്ത്രീ തൊഴിലാളി മരിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ തോട്ടങ്ങളും പതിറ്റാണ്ടുകൾ പഴക്കമുള്ള ലയങ്ങൾ ഉള്ളത്. ഇതെല്ലാം നിലം പൊത്താറായതാണ്. ഇതോടെയാണ് ലയങ്ങൾ നവീകരിക്കണമെന്ന് ആവശ്യം ശക്തമായത്. തുടർന്ന് സർക്കാർ രണ്ട് ബജറ്റ് കളിലായി 20 കോടി രൂപ അനുവദിച്ചു. എന്നാൽ നാളിത് വരെയായി തൊഴിലാളികൾക്ക് ഗുണമുണ്ടായില്ല.
പൂട്ടിയ തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കുവാനായിരുന്നു ആദ്യം അനുവദിച്ച പത്ത് കോടി. എന്നാൽ ധനവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണിപ്പോൾ. തൊഴിൽ വകുപ്പ്, ധനവകുപ്പ് ആവശ്യപ്പെടുന്ന കൃത്യമായ വിവരങ്ങൾ നൽകാൻ കഴിയാത്തതാണ് ഇതിന് അനുമതി ലഭിക്കാൻ കഴിയാത്തതെന്ന് അറിയുന്നത്. ഇപ്പോഴും കാലപ്പഴക്കം ചെന്ന ലയങ്ങളിലെ വൈദ്യുതീകരണത്തിനായി ചെയ്ത വയറിംഗുകൾ പലതും നാമാവശേഷമായി. കൂടാതെ കൃത്യമായ അറ്റക്കുറ്റപ്പണി ചെയ്യാത്തതിനാൽ പതിനായിരക്കണക്കിന് രൂപ തൊഴിലാളികൾക്ക് അമിത വൈദ്യുതി ബില്ലും വന്നിട്ടുണ്ട്. ലയങ്ങളോട് ചേർന്ന് ശുചിമുറിയില്ലാത്തതും തൊഴിലാളികളെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. ഉള്ളതാകട്ടെ ഉപയോഗ ശൂന്യമാകാറായതും നിലംപൊത്താറായതുമാണ് ഏറെയും. ശുചിത്വ മിഷനിൽ നിന്ന് ശുചി മുറികൾ നിർമിക്കുന്നതിന് അനുവദിച്ച സഹായകങ്ങൾ പല തോട്ടം മാനേജ്മെന്റും ഉപയോഗിച്ചില്ലന്ന ആക്ഷേപവും ശക്തമാണ്. മഴ ശക്തമായാല്‍ പല വീടുകളും ചോര്‍ന്ന് ഒലിക്കുന്നതും പതിവാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]