
ദില്ലി: കടമായി ചോദിച്ച പണം കൊടുക്കാൻ വിസമ്മതിച്ചതിന് സഹപ്രവർത്തകനെ യുവാവ് കൊലപ്പെടുത്തി. ദില്ലിയിലെ ഛത്തർപുറിൽ ഒരു ഫാമിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
ഉത്തർപ്രദേശ് സ്വദേശിയായ 42 കാരൻ സിതാറാമാണ് കൊല്ലപ്പെട്ടത്. കേസിൽ ഫാം ഹൗസിലെ ഡ്രൈവറായ ചന്ദ്ര പ്രകാശ് (47) നെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തായി കിടക്കുന്ന ഛത്തർപുറിലെ ഫാം ഹൗസിലാണ് കൊലപാതകം നടന്നത്. സിതാറാമിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിനൊടുവിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
ഇന്നലെയാണ് സിതാറാമിനെ കാണാനില്ലെന്ന് മെഹ്റോലി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. ഇന്നലെ രാവിലെ ഫാം ഹൗസിൻ്റെ പ്രധാന വാതിലുകൾ തുറന്നിട്ട
നിലയിലായിരുന്നു. സീതാറാമിനെ ഇവിടെയൊന്നും കാണാതെ വന്നതോടെ രാവിലെ ഇവിടെയെത്തിയ മറ്റ് ജോലിക്കാരാണ് പൊലീസിനെ അറിയിച്ചത്.
കൊലപാതകം നടന്ന ഫാം ഹൗസിൽ ഗാർഹിക തൊഴിലാളിയായിരുന്നു സിതാറാം. കഴിഞ്ഞ പത്ത് വർഷമായി ഇയാളിവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഫാം ഹൗസിൻ്റെ ഉടമ ഇവിടെയല്ല താമസിക്കുന്നത്. തുടർന്ന് പൊലീസുകാർ ഫാം ഹൗസിലെത്തി വിശദമായ പരിശോധന നടത്തി.
ഇവിടുത്തെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് സിതാറാമിൻ്റെ മൃതദേഹം ലഭിച്ചത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പിന്നീട് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണും പരിശോധിച്ച പൊലീസിന് മറ്റ് തൊഴിലാളികളെ ചോദ്യം ചെയ്തതിലൂടെ കാര്യങ്ങൾ വ്യക്തമായി.
ഫാം ഹൗസിലെ ഡ്രൈവർ ചന്ദ്രപ്രകാശിനെ കാണാനില്ലെന്ന വിവരം കൂടി ലഭിച്ചതോടെ ഇയാളിലേക്ക് അന്വേഷണം നീണ്ടും. പിന്നീട് ദില്ലിയിലെ പലം എന്ന സ്ഥലത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് താൻ പതിനായിരം രൂപ കടം ചോദിച്ചിട്ട് സിതാറാം തന്നില്ലെന്നും ഇതിൻ്റെ പേരിലാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകിയത്. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ അൽമോര ജില്ലയിലെ ഫൻ്റഗോൺ ഗ്രാമവാസിയാണ് ചന്ദ്ര പ്രകാശ്. സിതാറാമിനെ കാണാനില്ലെന്ന് ഫാം ഉടമയെ ആദ്യം അറിയിച്ചത് ചന്ദ്രപ്രകാശാണെന്ന് മൊഴിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]