
ലോകത്തിന്റെ പലയിടങ്ങളില്‍ കറങ്ങി ഒരു നൂറ്റാണ്ടിന് ശേഷം ഒളിമ്പിക്സ് പാരീസിലെത്തിയപ്പോള്‍ സെയ്ന് നദി മുതല്‍ സപീത്തെ കെട്ടിടങ്ങളും കുഞ്ഞുമൈതാനങ്ങളും വരെ ഉള്‍പ്പെടുത്തി അതിഗംഭീര കാഴ്ച്ചകളൊരുക്കിയായിരുന്നു ഉദ്ഘാടനം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച പരിപാടികള്‍ നാല് മണിക്കൂര്‍ നീണ്ടു. ഫ്രഞ്ച് ജൂഡോ ഇതിഹാസം ടെഡി റൈനറും സ്പ്രിന്റര്‍ മേരി-ജോസ് പെരെക്കും പാരീസിന്റെ വാനില്‍ ഉയര്‍ന്ന ബലൂണിന്റെ ആകൃതിയിലുള്ള സംവിധാനത്തില്‍ ഘടിപ്പിച്ച കുട്ടകത്തിലേക്ക് ദീപം പകര്‍ത്തിയതോടെയാണ് ഏകദേശം നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പരിപാടി അവസാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അടക്കം നൂറിലേറെ പ്രമുഖര്‍ അണിനിരന്ന വേദിയില്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ആണ് ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Read Also:
പാരമ്പര്യമായി സ്റ്റേഡിയങ്ങളില്‍ കറങ്ങിയിരുന്ന മാര്‍ച്ച് പാസ്റ്റും കലാപരിപാടികളും മൈതാനം വിട്ടപ്പോള്‍ ലോകമാകെ അത് പുത്തന്‍ കാഴ്ച്ച വിരുന്നായി. ആയിരക്കണക്കിന് അത്ലറ്റുകള് സെയ്ന് നദിയിലൂടെ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നപ്പോള്‍ പ്രശസ്ത താരങ്ങള്‍ പാലങ്ങളിലും കെട്ടിട മേല്‍ക്കൂരകളിലും ആവേശകരമായ പ്രകടനമൊരുക്കിയായിരുന്നു ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടിയത്. ഫ്രഞ്ച് ട്രെയിന്‍ ശൃംഖലയില്‍ ഉണ്ടായ ആക്രമണങ്ങളും വൈകുന്നേരത്തെ കനത്ത മഴയും ഉദ്ഘാടന പരിപാടികളെ ബാധിച്ചിരുന്നെങ്കിലും കാണികളുടെ അത് പ്രകടമായിരുന്നില്ല. സൂര്യപ്രകാശം ഉപയോഗിച്ച് സെയ്ന് നദിയിലെ വെള്ളം തിളങ്ങി നില്‍ക്കാനും മറ്റുമുള്ള പദ്ധതികള്‍ മഴ വന്നതോടെ പാളിയിരുന്നു.
205 പ്രതിനിധി സംഘങ്ങളില്‍ നിന്നായി 6,800 അത്ലറ്റുകള് 85 ബോട്ടുകളില്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിന് മുന്നോടിയായി നീല, വെള്ള, ചുവപ്പ് നിറങ്ങളാലുള്ള പടക്കങ്ങള്‍ ഓസ്റ്റര്‍ലിറ്റ്സ് പാലത്തിന് മുകളില്‍ ‘ത്രിവര്‍ണ്ണ പതാക’ തീര്‍ത്തു. ശേഷം സെയ്ന് നദിയിലൂടെ ബോട്ടുകളിലും ബാര്‍ജുകളിലും ഫ്രഞ്ച് തലസ്ഥാനത്തെ ചരിത്രസ്ഥലികളെ തൊട്ട് കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ്. യുഎസിലെ ഗായികയും ഗാനരചയിതാവുമായ ലേഡി ഗാഗയുടെ കാബറെ നൃത്തവും കനേഡിയന്‍ ഇതിഹാസം സെലിന് ഡിയോണിന്റെ വൈകാരികമായ തിരിച്ചുവരവ് ഉള്‍പ്പെടെ ചടങ്ങില്‍ സര്‍പ്രൈസ് പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ഹോണ്ടുറാസ് സംഘത്തിന് പിന്നാലെ 84-ാമതായിട്ടായിരുന്നു ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെയ്ന് നദിയിലൂടെ എത്തിയത്. പി.വി. സിന്ധുവും ശരത് കമലും 78 അംഗ ടീമിനെ നയിച്ചു. സംഘത്തില്‍ പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തി.
Story Highlights : Paris 2024 opening ceremony Olympic article
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]