
തൃശൂര്‍:വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്റ് ജനറല്‍ മാനെജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തിൽ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം, ധന്യയെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. ധന്യയെ തൃശൂര്‍ വലപ്പാട് എത്തിച്ചു.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തൽ. ധന്യ കീഴടങ്ങിയെങ്കിലും കൂട്ടുപ്രതികളായ ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കൾ ഇപ്പോഴും ഒളിവിലാണ്.
Last Updated Jul 27, 2024, 7:28 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]