

കായംകുളത്ത് പൊലീസിനെ കണ്ട് ഓടിയ കള്ളൻ ഓടയിൽ ഒളിച്ചു; ഫയര്‍ ഫോഴ്സെത്തി സാഹസികമായി പിടികൂടി
ആലപ്പുഴ: കായംകുളത്ത് പൊലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് ഒടുവിൽ ഓടയിൽ ഒളിച്ചു. ഫയർഫോഴ്സിനെ വിളിച്ചു വരുത്തിയാണ് മോഷ്ടാവിനെ പൊലിസ് പുറത്തെത്തിച്ചത്. തമിഴ്നാട് സ്വദേശി രാജശേഖരനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലും മോഷണശ്രമം നടത്തിയ മോഷ്ടാവ് പോലീസിനെ കണ്ടപ്പോൾ ഓടി സമീപത്തെ ഓടയിൽ ഒളിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്ക് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ കണ്ടാണ് ഇയാൾ ഒളിച്ചത്. കിണഞ്ഞു ശ്രമിച്ചിട്ടും കള്ളനെ ഓടയിൽ നിന്ന് പുറത്തെത്തിക്കാനായില്ല.
പിന്നീട് കായംകുളം അഗ്നിരക്ഷ നിലയത്തിൽ നിന്നുള്ള സേനാംഗങ്ങളെ വിളിച്ചുവരുത്തി. എന്നാൽ ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി. തുടർന്ന് ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ഓടയ്ക്കുള്ളിൽ കയറി.
അതിസാഹസികമായാണ് മോഷ്ടാവിനെ പുറത്തെടുത്തത്. മോഷണശ്രമം ഉൾപ്പടെ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് കായംകുളം പൊലിസ് അറിയിച്ചു. രാജശേഖരന്റെ പേരിൽ വേറെ കേസുകളുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]