

മുൻകൂട്ടി പറയാതെ സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് സർവീസ് ചാർജ് ; കോട്ടയം തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ ; പരാതിക്കാർ കാരാപ്പുഴ സ്വദേശികളായ ദമ്പതികൾ
സ്വന്തം ലേഖകൻ
കോട്ടയം: സൗജന്യമായി നൽകിയ എ.ടി.എം. കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരാപ്പുഴ സ്വദേശികളുമായ വി.കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.
കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ.ടി.എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പുംനൽകിയിരുന്നു. പരാതിക്കാർ എ.ടി.എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് എ.ടി.എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി.
തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കി നൽകണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു.
കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നല്കണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]