
ഇസ്ലാമാബാദ്: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിന്റെ മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.
നേരത്തെ, സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ഇതാണിപ്പോള്‍ ബിസിസിഐ തള്ളിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാവുന്നത്. ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാക് താരം ഹസന് അലി രംഗത്തെത്തിയിരുന്നു. പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അവിടെ തന്നെ ടൂര്‍ണമെന്റ് നടക്കുമെന്ന് സാമാ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ ഹസന് അലി പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയോട് പാകിസ്ഥാന് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക്. മാലിക്കിന്റെ വാക്കുകള്‍… ”പാകിസ്ഥാനികള്‍ നല്ല മനസുള്ളവരാണ്. ഇന്ത്യക്ക് വലിയ സ്വീകരണം പാകിസ്ഥാനില്‍ ലഭിക്കും. രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, അത് മറ്റൊരു ചര്‍ച്ചയാക്കണം. സ്പോര്‍ട്സുമായി കൂട്ടികുഴക്കരുത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന് ടീം ഇന്ത്യയിലെത്തി. അത്തരത്തിലൊരു സഹകരണം ഇന്ത്യയുടെ ഭാഗത്ത് നിന്നും വേണം. പാകിസ്ഥാന് മണ്ണില്‍ കളിക്കാത്ത നിരവധി പേര് ഇന്ത്യന്‍ ടീമിലുണ്ട്. അവര്‍ക്ക് പുതിയ അനുഭവമായിരിക്കുമിത്.” മാലിക്ക് പറഞ്ഞു.
2008ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യ പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരം കളിച്ചിട്ടില്ല. 2012-2013ലാണ് പാകിസ്ഥാന് അവസാനമായി ഇന്ത്യയില്‍ ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ഇതിനിടെ ഏകദിന, ടി20 ലോകകപ്പുകളില്‍ പാകിസ്ഥാന് ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്.
Last Updated Jul 26, 2024, 9:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]