
ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് നിയമനം: വി.എ.അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി ∙ ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് പദവിയിൽ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ് ഡി.കെ.സിങ് ഉത്തരവിട്ടത്.
മുൻ മുഖ്യമന്ത്രിയുടെ മകനായതിനാൽ രാഷ്ട്രീയ സ്വാധീനത്തിന്റെ ബലത്തിൽ യോഗ്യത മറികടന്ന് നിയമനം നടന്നോ എന്നാണ് പരിശോധിക്കേണ്ടത്.
തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പല്‍ ഇൻ ചാർജും നിലവിൽ എ.പി.ജെ.അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ.
വിനു തോമസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വിനു തോമസ് തൃക്കാക്കര പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന 2018–2021 കാലത്ത് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് മീനും ഇറച്ചിയും മുട്ടയും പാലും അടക്കമുള്ളവ വാങ്ങിയ ഇനത്തിലും ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിലും ക്രമക്കേടു നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷോകോസ് നോട്ടിസ് നൽകിയിരുന്നു.
എന്നാൽ മറുപടി സമർപ്പിക്കാൻ തനിക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ല എന്നുകാട്ടി വിനു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും ആവശ്യമായ രേഖകൾ വിട്ടുകൊടുക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുകയും ചെയ്തു. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി.
ഈ ഉത്തരവ് ചൂണ്ടിക്കാട്ടി രേഖകളുടെ ഡിജിറ്റൽ പകർപ്പും തനിക്ക് നൽകുന്നില്ല എന്നുകാട്ടി വിനു തോമസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ നൽകേണ്ടതില്ലെന്നു മാത്രമേ ഡിവിഷൻ ബെഞ്ച് പറഞ്ഞിട്ടുള്ളൂ എന്നും ഡിജിറ്റൽ പകർപ്പ് എടുക്കരുതെന്ന് വിലക്കിയിട്ടില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ഇത്തരത്തില്‍ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതുപോലും വിലക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പകർപ്പ് പോലും നൽകാതിരുന്നാൽ ഹർജിക്കാരന് തന്റെ ഭാഗം സമർഥിക്കാൻ സാധിക്കാതെ വരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജിന്റെ പ്രതികാരമനോഭാവമാണ് കാണിക്കുന്നത്.
ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത, ക്ലർക്ക് പദവിയിൽ ഇരുന്ന ഒരാളാണ് ഇപ്പോൾ ഡയറക്ടർ ഇൻ ചാര്‍ജ് പദവിയില്‍ ഉള്ളത്. ഐഎച്ച്ആർഡി ഡയറക്ടറുടെ പദവി ഒരു സർവകലാശാല വൈസ് ചാൻസിലറുടെ പദവിക്ക് തുല്യമാണ്.
പ്രഫസർ പദവിയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ളവരെയാണ് യുജിസി ഇത്തരം പദവികളിൽ നിയമിക്കുന്നത്. ഒരു ക്ലർക്കിന് രാഷ്ട്രീയസ്വാധീനം നിമിത്തം സ്ഥാനക്കയറ്റം കിട്ടുകയും പിന്നീട് ഇത്തരമൊരു സ്ഥാപനത്തിന്റെ ഡയറക്ടറാവുകയും ചെയ്തത് അസാധാരണമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹർജിക്കാരന് ആവശ്യമായ രേഖകളുടെ ഡിജിറ്റൽ പകര്‍പ്പ് നല്‍കുന്നതിനൊപ്പം ഐഎച്ച്ആർഡി ഡയറക്ടറായിരിക്കുന്ന വ്യക്തിക്ക് ആ പദവി വഹിക്കുന്നതിന് യോഗ്യതയുണ്ടോ എന്ന് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും ചെയ്യണം. അതുകൊണ്ട് ഇക്കാര്യത്തിൽ സ്വമേധയാ പൊതുതാൽപര്യ ഹർജി റജിസ്റ്റർ ചെയ്ത് ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]