
തിരിച്ചെത്തുമെന്നുറപ്പില്ലാതെ സൈനികർ; ഫെർദോയെ പറ്റി പഠിക്കാൻ 15 വർഷം: യുഎസിന്റെ രഹസ്യ ഓപ്പറേഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ ഇറാനിലെ ഫെർദോ ആണവ കേന്ദ്രത്തിലെ ആക്രമണത്തെക്കുറിച്ച് സൈന്യം പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ എന്നു പേരിട്ട ദൗത്യത്തിനു പിന്നിലെ രഹസ്യ ആസൂത്രണവും, ബി 2 വിമാനത്തിന്റെ ബോംബിങ്ങും അടക്കമുള്ള കാര്യങ്ങളാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
‘ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും തിളക്കമുള്ള സ്ഫോടനം, പകൽ വെളിച്ചം പോലെ തോന്നി’’– 30,000 പൗണ്ട് ഭാരമുള്ള കൂറ്റൻ ബങ്കർ ബസ്റ്റർ ബോംബ് ഇറാന്റെ മണ്ണിൽ പൊട്ടിത്തെറിക്കുന്നത് കണ്ടതിനു ശേഷം ഒരു പൈലറ്റ് പറഞ്ഞതായി കെയ്ൻ വ്യക്തമാക്കി. തിരിച്ചെത്തുമോ എന്നറിയാതെയായിരുന്നു യുഎസ് സൈനികർ പറന്നുയർന്നത്. അവർ തിരിച്ചിറങ്ങിയപ്പോൾ വൈകാരിക നിമിഷങ്ങളാണ് ഉണ്ടായതെന്നും കെയ്ൻ പറഞ്ഞു. ഇറാനിലെ ഫെർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യുഎസ് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ’ നടത്തിയത്. ബി 2 ബോംബറുകളിൽനിന്ന് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചായിരുന്നു ജൂൺ 22ലെ ആക്രമണം.
ഭൂമിക്കടിയിൽ ആഴത്തിൽ നിർമിച്ച ഫൊർദോ ആണവ നിലയത്തിന് രണ്ടു വഴികളുണ്ടായിരുന്നതായി യുഎസ് സൈന്യം അവകാശപ്പെടുന്നു. ഓരോ പാതയ്ക്കും മൂന്ന് ഷാഫ്റ്റുകളുണ്ടായിരുന്നു. ഒരു പ്രധാന ഷാഫ്റ്റിന് ഇരുവശത്തും രണ്ട് ചെറിയ ഷാഫ്റ്റുകൾ. ആക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ഇറാൻ ഈ ഷാഫ്റ്റുകൾക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ആക്രമണ പദ്ധതിക്ക് അന്തിമ രൂപം നൽകിയതെന്ന് കെയ്ൻ പറയുന്നു.
ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസിയിലെ (ഡിടിആർഎ) പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥർ 15 വർഷത്തിലേറെയായി ഫൊർദോ ആണവകേന്ദ്രത്തെക്കുറിച്ച് പഠിച്ചു. 2009ൽ, ഉദ്യോഗസ്ഥരെ ഇറാനിയൻ പർവതനിരകളിലെ പ്രധാന നിർമാണങ്ങളുടെ ചിത്രങ്ങൾ കാണിച്ചു. കൂടുതൽ വിവരങ്ങൾ വിശകലനത്തിനായി കൈമാറി. ഉദ്യോഗസ്ഥർ വർഷങ്ങളോളം ഈ സ്ഥലവും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ചു. ആണവ കേന്ദ്രം നശിപ്പിക്കാൻ ശേഷിയുള്ള ആയുധം അന്ന് അമേരിക്കയുടെ പക്കൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ജിബിയു–57 ബങ്കർബസ്റ്റർ ബോംബ് പരീക്ഷിക്കുന്നതെന്നും കെയ്ൻ പറഞ്ഞു. ജൂണിൽ, പ്രസിഡന്റ് ട്രംപിൽനിന്ന് ദൗത്യം നടപ്പിലാക്കാനുള്ള ഉത്തരവ് വന്നു. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ അങ്ങനെയാണ് ആരംഭിച്ചതെന്നും കെയ്ൻ പറഞ്ഞു.