
ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും; വിദഗ്ധസംഘം എത്തും, എഫ് 35 അറ്റകുറ്റപ്പണി രാജ്യത്ത് ആദ്യം
തിരുവനന്തപുരം ∙ സാങ്കേതികത്തകരാർ മൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ യുകെ റോയൽ നേവി എഫ്–35 ബി യുദ്ധവിമാനം എപ്പോൾ തിരികെ കൊണ്ടു പോകാനാകുമെന്നറിയില്ലെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സന്ദേശം. യുകെയിൽ നിന്നു വിദഗ്ധ സംഘവും ഉപകരണങ്ങളും എത്തിയാലുടൻ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ ഹാങ്ങറിലേക്ക് മാറ്റിയിടും.
ഇന്ത്യയിലെ വിമാനത്താവളത്തിൽ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ്.
എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസ് കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.
മടങ്ങാൻ ശ്രമിക്കുന്നതിനിടെ എൻജിനീയറിങ് തകരാർ കണ്ടെത്തി. കപ്പലിലെ എൻജിനീയർമാരുടെ സംഘം പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
വിമാനം തിരുവനന്തപുരത്ത് ഇറക്കാൻ ഇന്ത്യൻ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും ഉൾപ്പെടെ നൽകിയ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നു ഹൈക്കമ്മിഷണർ അറിയിച്ചിട്ടുണ്ട്. നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പറക്കാൻ കഴിയുന്ന യുഎസ് നിർമിത സിംഗിൾ സീറ്റർ യുദ്ധവിമാനമാണ് എഫ്–35 ബി. കപ്പലുകളിലെ ചെറിയ റൺവേയിൽ നിന്ന് പറന്ന് ശബ്ദാതിവേഗത്തിലേക്കു കുതിക്കാനും ഹെലികോപ്റ്റർ പോലെ നേരെ താഴെ എത്തി നിൽക്കാനും ഇവയ്ക്കു കഴിയും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]