
ഗയാന: ട്വന്റി 20 ലോകകപ്പ് 2024ല്‍ ടീം ഇന്ത്യ സെമിഫൈനല്‍ കളിക്കാനിരിക്കേ ആരോപണവുമായി യുകെ, ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍. മത്സരം ഇന്ത്യന്‍ ടെലിവിഷന്‍ ആരാധകര്‍ക്ക് കാണാന്‍ പാകത്തില്‍ ഐസിസി നേരത്തെതന്നെ ക്രമീകരിച്ചു എന്നാണ് ആരോപണം.
ടി20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സെമിക്ക് കളമൊരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് ഐസിസിക്കെതിരെ ആരോപണവുമായി ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ വരവ്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാനാകുന്ന തരത്തില്‍ മത്സരത്തിന്റെ സമയം ക്രമീകരിച്ചു എന്നതാണ് ഐസിസിക്കെതിരെ ഉയരുന്ന ആരോപണം. ഇന്ത്യന്‍ ടീമിന്റെ സെമിഫൈനല്‍ വേദിയും സമയവും നേരത്തെ നിശ്ചയിച്ചിരുന്നു എന്ന് ഡെയ്ലി മെയില്‍ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആരോപിച്ചു. ദക്ഷിണേഷ്യയിലെ പ്രൈംടൈം ടെലിവിഷന്‍ കാഴ്ചക്കാരെ പരിഗണിച്ചാണ് സെമിയുടെ സമയം നിശ്ചയിച്ചതെന്നും ഡെയ്ലി മെയ്ലിന്റെ വാര്‍ത്തയില്‍ പറയുന്നു. ഈ തീരുമാനം ഐസിസിയുടെ തത്വങ്ങള്‍ക്ക് എതിരാണെന്നും വിമര്‍ശനമുണ്ട്. ഇന്ത്യന്‍ കാഴ്ചക്കാരെ സന്തോഷിപ്പിക്കാനാണ് കരീബിയന്‍ ദ്വീപുകളില്‍ അതിരാവിലെയും രാത്രി വൈകിയും മത്സരങ്ങള്‍ നടത്തുന്നത് എന്ന് ഓസ്ട്രേലിയന്‍ മാധ്യമം ദി റോര്‍ വിമര്‍ശിച്ചു. ഐസിസിയിലെ ഇന്ത്യയുടെ പണത്തൂക്കമാണ് ഇതിന് കാരണം എന്നും മാധ്യമം ആരോപിക്കുന്നു.
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഫൈനലിസ്റ്റുകളെ നാളെയറിയാം. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ട്രിനിഡാഡില്‍ പ്രാദേശിക സമയം രാത്രി 08:30നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടുമായി ടീം ഇന്ത്യ ഏറ്റുമുട്ടും. ജൂണ്‍ 27ന് ഗയാന സമയം രാവിലെ 10:30നാണ് ഈ മത്സരം. ഫൈനലും ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
Last Updated Jun 26, 2024, 8:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]