

First Published Jun 26, 2024, 6:21 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വീടിൻ്റെ മേൽക്കൂര തകര്‍ന്ന് വീണ് അമ്പലപ്പുഴയിൽ അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകൾ തകര്‍ന്നു. വാഹനങ്ങൾക്കും കേടുപാടുണ്ടായി. ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങൽക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
മലപ്പുറം ചോക്കാട് മാളിയേക്കലിൽ കുതിരപ്പുഴയിൽ കുളിക്കുന്നതിനിടയിലാണ് 15വയസ്സുകാരനെ കാണാതായത്. പ്രാഥമിക വിവരത്തെ തുടർന്ന് നാട്ടുകാർ ഇവിടെ തിരച്ചിൽ നടത്തുകയാണ്. നിലമ്പൂരിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം പള്ളിപ്പുറത്ത് ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. സിആർപിഎഫ് ക്യാമ്പിന് സമീപം താമസിക്കുന്ന റിയാസിന്റെ വീടാണ് തകർന്നത്. റിയാസും ഭാര്യയും രണ്ടു കുഞ്ഞു മക്കളും പ്രായമായ മാതാപിതാക്കളുമാണ് വീട്ടിൽ താമസം. ശക്തമായ മഴയിൽ വീടിൻറെ ചുമർ ഭാഗികമായി ഇടിഞ്ഞു വീഴുകയായിരുന്നു.
പാലക്കാട് ആലത്തൂർ പത്തനാപുരത്തെ 1500 കുടുംബങ്ങൾക്ക് ഭാരതപ്പുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലം തകർന്നു. രാവിലെ പെയ്ത മഴയിലാണ് സംഭവം. പഴയ പാലം നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. അതിനു ശേഷമാണ് താത്കാലിക നടപ്പാലം ഒരുക്കിയത്. ദേവികുളത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. ദേവികുളം സ്വദേശി വിത്സൻ്റെ വീടാണ് തകര്‍ന്നത്. വിൽസണും ഭാര്യ ജാൻസിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
തിരുവവന്തപുരം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുൻപിലെ പരസ്യ ബോർഡ് കാറ്റിലും മഴയിലും നിലംപൊത്തി. യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അത്യാഹിതങ്ങൾ സംഭവിച്ചില്ല. കോഴിക്കോട് നാദാപുരത്ത് ശക്തതമായ മഴയോടൊപ്പം കാറ്റും വീശി. വീടിന് മുകളിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. നാദാപുരം ആവോലത്തെ കൂടേൻ്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റൻ പന മരം കടപുഴകി വീണത്. മരം വീണ് വീടിൻ്റെ പിൻഭാഗത്തെ മേൽകൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേൽകൂരയും തകർന്നു. ആർക്കും പരിക്കേറ്റില്ല.
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി അലിയാർപള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും സമാനമായി കടലാക്രമണം ഉണ്ടായി. ഇവിടെയും വീടുകളിൽ വെള്ളം കയറി. അലിയാർ പള്ളിയിൽ റോഡിലേക്കും വെള്ളം കയറി. തൃശ്ശൂർ കാരവ കടപ്പുറത്ത് കടലാക്രമണം രൂക്ഷമെന്നാണ് വിവരം. കാരവ സ്വദേശികളായ സുരേഷ്, സജി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കടലാക്രമണം തടയാൻ നിലവിൽ ജിയോ ബാഗുകൾ മാത്രമാണ് കടപ്പുറത്തിന്റെ പല ഭാഗങ്ങളിലും ഉള്ളത്. പുന്നപ്രയിൽ കടൽക്ഷോഭത്തിൽ നൂറോളം വീടുകൾ കടലെടുക്കുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. പുന്നപ്ര ചള്ളി കടപ്പുറം, ബിരിയാണി എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. ഇവിടെ ഫിഷിംഗ് ഹാർബർ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയാണ്. തൃശ്ശൂർ ചാവക്കാട് കടപ്പുറം പഞ്ചായത്തിന്റെ തീരങ്ങളിലും അഞ്ചങ്ങാടി വളവിലും പരിസരപ്രദേശങ്ങളിലും കടൽക്ഷേഭം രൂക്ഷമാണ്.
തൃശൂർ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണു. ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം പിറവം പുതൃക്കയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പാറേക്കാട് ഷിബുവിന്റെ വീട്ടിലായിരുന്നു അപകടം. ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പെരിയാര്‍ തീരത്തെ ജിസിബിഎ റോഡില്‍ നാല് കൂറ്റന്‍ മരങ്ങളും ആയുര്‍വേദ ആശുപത്രി വളപ്പിലെ മരങ്ങളും നിലംപൊത്തി. തലശ്ശേരി ചൊക്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു. ഡ്രൈവർ രക്ഷപ്പെട്ടു
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ വിലക്ക്. ജില്ലാ കളക്ടറുടേതാണ് ഉത്തരവ് വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
കൊയിലാണ്ടി ദേശീയപാതയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതിൽ പ്രതിഷേധിച്ച് റോഡ് നിർമ്മാണ കമ്പനിയായ വാഗാഡിന്റെ ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. നിർമ്മാണം നടക്കുന്ന റോഡിലെ അപാകതകൾ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹരിക്കാത്തതിനെ തുടർന്നാണ് റോഡ് ഉപരോധം. വെള്ളക്കെട്ടുകൾ ഉടൻ നീക്കം ചെയ്യാമെന്നും, സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.
മഴ ശക്തമായി തുടർന്നാൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ജൂണ്‍ 26 ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 75.73 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലര്‍ട്ട് ലെവല്‍ 76 മീറ്ററും ഓറഞ്ച് അലര്‍ട്ട് ലെവല്‍ 76.51 മീറ്ററും ആണ്.
Last Updated Jun 26, 2024, 6:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]