
‘ആവുധി’ ചോദിച്ച് വിദ്യാർഥി, മലയാളം ക്ലാസിൽ കയറണമെന്ന് പത്തനംതിട്ട കലക്ടർ: മറുപടി വൈറൽ
പത്തനംതിട്ട
∙ മഴ കനക്കുന്നതിനാൽ അവധി ആവശ്യപ്പെട്ട വിദ്യാർഥിക്ക് പത്തനംതിട്ട
കലക്ടർ എസ്.പ്രേംകൃഷ്ണൻ നൽകിയ മറുപടി വൈറലായി. അക്ഷരത്തെറ്റു നിറഞ്ഞ അവധി അഭ്യർഥനയ്ക്കു മറുപടിയായി ‘സ്ഥിരമായി സ്കൂളിൽ പോകണം, മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കണം’ എന്നാണു കലക്ടർ മറുപടി നൽകിയത്. തിങ്കളാഴ്ച രാത്രിയാണ് കലക്ടറുടെ സമൂഹമാധ്യമ അക്കൗണ്ടിലേക്ക് അവധി അഭ്യർഥിച്ച് വിദ്യാർഥിയുടെ സന്ദേശമെത്തിയത്.
തിങ്കളാഴ്ച ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ‘കാലാവസ്ഥയെയും കടുത്ത മഴയെയും മനസിൽ വച്ചു കൊണ്ട് അടുത്ത ദിവസവും അവധി പ്രഖ്യാപിക്കണ’മെന്നായിരുന്നു വിദ്യാർഥിയുടെ അഭ്യർഥന.
സന്ദേശത്തിൽ കുറച്ചധികം അക്ഷരത്തെറ്റുകളുമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ സന്ദേശം ശ്രദ്ധയിൽപെട്ട ഉടൻ കലക്ടർ മറുപടി നൽകി.
‘അവധി ചോദിക്കാതെ സ്ഥിരമായി സ്കൂളിൽ പോവുക, പ്രത്യേകിച്ചും മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കുക. ഇന്ന് അവധിയില്ല.
നന്ദി.’ ഇങ്ങനെയായിരുന്നു കലക്ടറുടെ മറുപടി. ഓരോ ദിവസവും വിവിധ ആവശ്യങ്ങളുന്നയിച്ച് ഒട്ടേറെ സന്ദേശങ്ങൾ കലക്ടറുടെ അക്കൗണ്ടിലെത്തുന്നുണ്ട്.
അതിനാൽ സന്ദേശങ്ങൾ സ്ഥിരമായി നോക്കാറുണ്ടെന്നും അവധി അഭ്യർഥനകളുടെ എണ്ണം കൂടിയപ്പോഴാണ് ഇങ്ങനെ മറുപടി നൽകേണ്ടി വന്നതെന്നും കലക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]