
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി സമ്മാനഘടനയിൽ ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പൊതുജനങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ മാറ്റങ്ങൾ വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. അയ്യായിരത്തിന്റെ സമ്മാനങ്ങൾ വർധിപ്പിക്കും. രണ്ടായിരം രൂപയുടെ സമ്മാനം പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇരുന്നൂറ് രൂപയുടെ സമ്മാനം തിരികെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. 50 രൂപയുടെ സമ്മാനങ്ങൾ ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് ഹാളിൽ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ലോട്ടറി വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തുന്നത്.ഒന്നര ലക്ഷത്തിന് അടുത്ത് ആളുകൾ ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. 43 കോടി രൂപ ക്ഷേമ പദ്ധതികൾക്കായി വിതരണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് ഇനത്തിൽ 573 കുട്ടികൾക്ക് 13.66 ലക്ഷം രൂപയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ക്ഷേമ നിധി ബോർഡിന്റെ 2024 വർഷത്തെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്തത്.
ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗ്ഗീസ്, നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ, സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ നിധി ബോർഡ് ചെയർമാൻ റ്റി.ബി.സുബൈർ, ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, അസിസ്റ്റന്റ് ജില്ല ലോട്ടറി ഓഫീസർ എസ്.ശ്രീകല, ജില്ല ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ജോഷിമോൻ കെ.അലക്സ്, ബി.എസ്.അഫ്സൽ, വി.പ്രസാദ്,പി.ആർ.സജീവ് തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]