
‘ഷൗക്കത്തിനെ പ്രഖ്യാപിച്ചതിൽ നീരസമുണ്ടായത് സ്വഭാവികം; കോൺഗ്രസും അൻവറും തമ്മിലുള്ള ബന്ധത്തെ അത് ബാധിക്കില്ല’
കണ്ണൂർ∙ പി.വി.അൻവർ യുഡിഎഫുമായി ഇടഞ്ഞിട്ടില്ലെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. നിലമ്പൂർ സ്ഥാനാർഥിയുടെ കാര്യത്തിൽ അദ്ദേഹത്തിന് എതിരഭിപ്രായമുണ്ടായിരുന്നു എങ്കിലും അത് അംഗീകരിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
‘‘കോൺഗ്രസ് നേതാക്കൻമാർ ഐക്യകണ്ഠേനയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതിൽ അൻവറിന് നീരസം ഉണ്ടായത് സ്വാഭാവികമാണ്.
അതൊന്നും കോൺഗ്രസും അൻവറും തമ്മിലുള്ള ബന്ധത്തിൽ പോറൽ ഏൽപ്പിക്കില്ല. സ്വന്തം പാർട്ടിക്കകത്തു തന്നെ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വഭാവികമാണ്.
അൻവറിനെ നേരിട്ട് കണ്ട് വിശദമായി സംസാരിച്ചു’’–സുധാകരൻ പറഞ്ഞു. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ ആർക്കും തെറ്റ് പറയാൻ സാധിക്കില്ലെന്നും അൻവർ തങ്ങളോടൊപ്പമുണ്ടാകുമെന്നും യുഡിഎഫിന്റെ ഭാഗമാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അൻവറിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമെന്നു പറഞ്ഞ സുധാകരൻ, അൻവർ സ്ഥാനാർഥിയാകുന്നുണ്ടെങ്കിൽ അത് അപ്പോൾ നോക്കാമെന്നും പറഞ്ഞു. യുഡിഎഫ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു.
മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് സുധാകരൻ പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]