
മഴക്കാലമെത്തിയാൽ പിന്നാലെ രോഗങ്ങളും എത്തും. പ്രത്യേകിച്ചും വളർത്ത് മൃഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയം കൂടെയാണ് ഇത്. ചൂടായിരുന്നു കാലാവസ്ഥ പെട്ടെന്ന് തണുക്കുമ്പോൾ മൃഗങ്ങളെ നന്നായി അത് ബാധിക്കുന്നു. പൂച്ചകളെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥ പൂച്ചകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് മഴക്കാലത്ത് പൂച്ചകളിൽ ഉണ്ടാകുന്നത്, അതിൽ നിന്നും അവയെ എങ്ങനെ സംരക്ഷിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാം.
ആരോഗ്യ പ്രശ്നങ്ങൾ
ശരിയായ രീതിയിലുള്ള പരിചരണം നൽകണമെങ്കിൽ അവയ്ക്ക് എന്തൊക്കെ പ്രശ്നങ്ങളാണ് മഴ സമയത്ത് ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. മഴയാകുമ്പോൾ എപ്പോഴും വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നു. ഇത് പലതരം അണുബാധകൾ, പനി, ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
ചെള്ള് ശല്യം
മഴക്കാലത്ത് പൂച്ചകൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ചെള്ള് ശല്യം. മഴയും ഈർപ്പവും മൂലം അണുക്കൾ വളരുകയും ഇത് രോമങ്ങളിൽ ചെള്ള് വരുന്നതിനും കാരണമാകുന്നു. ചൊറിച്ചിൽ, ചർമ്മത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ, വട്ടച്ചൊറി, കീടങ്ങൾ തുടങ്ങി പലതരം അണുബാധകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ ചുമ, തുമ്മൽ തുടങ്ങി ശ്വസനാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാം.
ചൂട് വേണം
ചൂടുള്ള ഈർപ്പം ഇല്ലാത്ത സ്ഥലങ്ങളിലാവണം മഴക്കാലത്ത് പൂച്ചയെ വളർത്തേണ്ടത്. ഇനി ഇവ മഴ നനഞ്ഞാൽ ഉടനെ തുടച്ചുകൊടുക്കാനും ചൂട് നൽകാനും മറക്കരുത്. വൃത്തിയുള്ള തുണി ഉപയോഗിച്ചാവണം തുടച്ചെടുക്കേണ്ടത്. പൂച്ചകളെ പുറത്തേക്ക് കൊണ്ട് പോകുമ്പോൾ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഇറക്കുന്നത് ഒഴിവാക്കണം. കാരണം ഇത്തരം വെള്ളത്തിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പറ്റുമെങ്കിൽ മഴയത്ത് പുറത്തിറക്കുമ്പോൾ മഴ കോട്ട് ഇട്ടുകൊടുക്കാവുന്നതാണ്.
വൃത്തിയുണ്ടാവണം
എപ്പോഴും മൃഗങ്ങളെ വൃത്തിയാക്കി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എന്നാൽ മഴക്കാലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സ്വന്തം ശരീരം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുന്ന മൃഗമാണ് പൂച്ചകൾ. എന്നിരുന്നാലും അവയെ എന്നും ബ്രഷ് ചെയ്യിപ്പിക്കുന്നതും കുളിപ്പിക്കുന്നതും ചർമ്മ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നു. രോമങ്ങൾ എപ്പോഴും ചീകി കൊടുക്കുകയും നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ചെയ്യണം. കുളിപ്പിക്കുമ്പോൾ ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകാൻ ശ്രദ്ധിക്കണം. ഇത് ചെള്ളുകൾ വരുന്നതിനെ തടയുന്നു.
ഭക്ഷണ ക്രമീകരണം
നല്ല രീതിയിലുള്ള പോഷകങ്ങൾ ലഭിച്ചാൽ മാത്രമേ മൃഗങ്ങൾ ആരോഗ്യത്തോടെ ഇരിക്കുകയുള്ളു. മഴക്കാലത്ത് ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണം അനിവാര്യമാണ്. വെറ്റ് ആണെങ്കിലും ഡ്രൈ ആണെങ്കിലും ഭക്ഷണം ശരിയായ രീതിയിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. റെഡിമെയ്ഡ് ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് നോക്കി വാങ്ങണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]