
‘കണ്ണട ചവിട്ടിപ്പൊട്ടിച്ചു, അസഭ്യം പറഞ്ഞ് മർദിച്ചു; പടം കിട്ടാത്തതിന്റെ ഫ്രസ്ട്രേഷൻ’: ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മർദിച്ചെന്ന മാനേജരുടെ പരാതിയിൽ കേസെടുത്ത് ഇൻഫോ പാർക്ക് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാറിന്റെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് മർദനത്തിനു കാരണമെന്നാണ് വിപിൻ പറയുന്നത്. തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്ക് വിളിച്ചു വരുത്തി അസഭ്യം പറയുകയും മർദിക്കകുയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം ഒരു സിനിമയും വിജയിച്ചില്ല. പുതിയ പടങ്ങൾ കിട്ടാത്തതിന്റെ നിരാശയാണ് ഉണ്ണി മുകുന്ദന്. അത് പലരോടും തീർക്കുകയാണെന്നും വിപിൻ കുമാർ ആരോപിച്ചു.
ഉണ്ണി മുകുന്ദന് പലതരം ഫ്രസ്ട്രേഷനുണ്ട്. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നത്. ആറു വർഷമായി താൻ ഉണ്ണിയുടെ മാനേജരാണ്. 18 വർഷമായി താനൊരു സിനിമ പ്രവർത്തകനാണ്. അഞ്ഞൂറോളം സിനിമകൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനെതിരെ സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും വിപിൻ കുമാർ പറഞ്ഞു. സിനിമാ സംഘടനകളായ ഫെഫ്കയ്ക്കും അമ്മയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും വിപിൻ പറഞ്ഞു.