
ബന്ദർ അബ്ബാസ്: ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ തുറമുഖത്ത് വൻ സ്ഫോടനത്തിന് പിന്നാലെ സഹായവുമായി റഷ്യ. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി മേഖലയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സഹായവുമായി എത്തുന്ന ആദ്യ രാജ്യമാണ് റഷ്യ. നിരവധി എമർജൻസി സർവീസ് വിമാനങ്ങളെയാണ് റഷ്യ മേഖലയിലേക്ക് അയച്ചിട്ടുള്ളത്. സ്ഫോടനം നടന്ന് 24 മണിക്കൂർ പിന്നിട്ട ശേഷവും തുറമുഖത്തെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഇറാന്റെ തെക്കൻ മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ തന്ത്ര പ്രധാനമേഖലയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഇതിനോടകം 28 ആയിട്ടുണ്ട്. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇറാന്റെ വ്യാപാര മേഖലയിൽ ജീവനാഡിയായി പ്രവർത്തിക്കുന്ന തുറമുഖത്താണ് വലിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മേഖലയിലേക്ക് എത്തിയിരുന്നു. രക്ഷാപ്രവർത്തനവും അന്വേഷണവും മസൂദ് പെസെഷ്കിയാൻ വിലയിരുത്തിയിരുന്നു. രാജ്യത്തിന്റെ വ്യാപാരമേഖലയിൽ നിർണായകമായ മേഖല കനത്ത പുകയിൽ മുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ മേഖലയിലെ ഓഫീസുകളും സ്കൂളുകളും അടച്ചു. മറ്റൊരു അറിയിപ്പ് വരുന്നത് വരെ വീടുകൾക്ക് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കിയിട്ടുള്ളത്. പുറത്തിറങ്ങേണ്ടി വന്നാൽ മാസ്കുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് വിശദമാക്കുന്നത്.
പദ്ധതിയിട്ടുള്ള ആക്രമണം എന്നതിലുപരിയായി അപകടമാണ് നടന്നതെന്നാണ് സ്ഫോടനത്തേക്കുറിച്ചുള്ള പ്രാഥമിക നിഗമനം. ഇതിന് വിപരീതമായ രീതിയിലുള്ള നിരീക്ഷണം നടത്തിയ മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെ വിവിധ കേസുകൾ എടുത്തതായാണ് തെഹ്റാൻ പ്രോസിക്യൂട്ടർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കണ്ടെയ്നറിന് സമീപത്തായി അഗ്നി ഉയരുന്നതും ഇത് അതിവേഗം പടരുന്നതുമായുള്ള സിസിടിവി വീഡിയോകളും ഇറാനിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സ്ഫോടനത്തിന്റെ കാരണമെന്താണെന്ന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകൾക്ക് ഉയർന്ന താപനിലയിൽ തീ പിടിച്ചതായാണ് പുറത്തുവരുന്ന വിവരം. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തോടുള്ള സഹാനുഭൂതിയും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടേയെന്നുമാണ് ക്രംലിൻ വെബ്സൈറ്റ് വിശദമാക്കുന്ന്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ മൂന്നാം ഘട്ടത്തിലെത്തിയപ്പോഴാണ് ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ സ്ഫോടനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]