
പാക്ക് പൗരന്മാർക്ക് ഇന്ത്യ വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തിൽനിന്ന് 6 പേർ തിരിച്ചുപോയി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ‘‘എന്റെ അമ്മ ഒരു ഇന്ത്യക്കാരിയാണ്. 1991 ലാണ് അച്ഛനും അമ്മയും വിവാഹിതരാകുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളതു കൊണ്ട് അമ്മയെ പോവാൻ അനുവദിക്കില്ലെന്ന് അവർ പറയുന്നു. അമ്മയെ ഇനി എന്നു കാണാൻ കഴിയുമെന്ന് അറിയില്ല’’ – ഇന്ത്യ വിടാൻ വാഗ –അട്ടാരി അതിർത്തിയിൽ നിൽക്കവെ കരഞ്ഞുകൊണ്ട് സരിത ദേശീയ മാധ്യമത്തോട് പറഞ്ഞു. അമ്മയില്ലാതെ സഹോദരനും അച്ഛനുമൊപ്പം മടങ്ങേണ്ടി വരുന്നതിന്റെ വേദനയിലാണവർ. ഇത്തരത്തിലുള്ള വൈകാരിക നിമിഷങ്ങൾക്കാണ് വാഗ–അട്ടാരി അതിർത്തി വേദിയായികൊണ്ടിരിക്കുന്നത്. ബന്ധുക്കളെ കാണാനും വിവാഹത്തിൽ പങ്കെടുക്കാനുമൊക്കെ എത്തിയവർ അത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയാണ്. പോകുന്ന തങ്ങളുടെ ഉറ്റവരെ അവസാനമായി കാണാൻ നിരവധി ഇന്ത്യക്കാരും വാഗ–അട്ടാരി അതിർത്തിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
പാക്കിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ അനുവദിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും. മെഡിക്കൽ വീസ അല്ലാത്ത എല്ലാ വീസയുടെയും കാലാവധി ഇന്ന് അവസാനിക്കും. സാർക് വീസയിൽ ഇന്ത്യയിലെത്തിയവരുടെ വീസ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. മെഡിക്കൽ വീസയിൽ വന്നവർക്ക് 29 വരെ ഇന്ത്യയിൽ തുടരാം. ദീർഘകാല വീസയിൽ വന്ന ഹിന്ദുക്കളായ പാക്ക് പൗരന്മാർക്ക് ഇന്ത്യയിൽ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വിവാഹം കഴിച്ചു ദീർഘകാലമായി ഇവിടെ കഴിയുന്ന പാക്ക് പൗരന്മാർ അടക്കമുള്ളവരോടു തിരികെ പോകാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. പാക്കിസ്ഥാൻ പൗരന്മാരെ വിവാഹം കഴിച്ച ശേഷം ഭർത്താവ് മരിക്കുകയോ വിവാഹം വേർപ്പെടുത്തുകയോ ചെയ്ത് ഇന്ത്യയിലെത്തിയ സ്ത്രീകൾക്കും ഇന്ത്യയിൽ തുടരുന്നതിൽ തടസ്സമില്ലെന്നും വിദേശ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.
കേരളത്തിലുണ്ടായിരുന്ന 104 പാക്ക് പൗരന്മാരിൽ ആറ് പേർ തിരിച്ചുപോയി. സന്ദർശന വീസയിൽ വന്നവരാണ് തിരിച്ചു പോയത്. അവശേഷിക്കുന്ന 98 പാക്ക് പൗരന്മാരും ദീർഘകാല വീസയിൽ വന്നതിനാൽ രാജ്യത്തു തുടരാൻ തടസമില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. സന്ദർശന വീസയിൽ ബിഹാറിലെത്തിയ 19 പാക്കിസ്ഥാൻ പൗരന്മാർ ഏപ്രിൽ 25 ന് തിരിച്ചു പോയതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലുള്ള 5,000 പാകിസ്ഥാനികളിൽ 1,000 പേരും ഹ്രസ്വകാല വീസകളിലെത്തിയവരാണെന്നു മന്ത്രി യോഗേഷ് കദം പറഞ്ഞു.