
ദില്ലി: തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിങ് പ്രിവിലേജ് തൽക്കാലികമായി റദ്ദാക്കിയതായും ഇന്ത്യയിലെ യുഎസ് എംബസി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. വിസ അപ്പോയിൻമെന്റുകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കുന്നു.
തട്ടിപ്പി് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് വ്യാജ വിസ, പാസ്പോർട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് എംബസിയുടെ നടപടി. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് 31-ലധികം പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മുതൽ ഓഗസ്റ്റ് വരെ പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജന്റുമാരാണ് തട്ടിപ്പ് വ്യാപിപ്പിച്ചതെന്നാണ് നിഗമനം. യുഎസ് വിസ ലഭിക്കുന്നതിനായി അപേക്ഷകരും ഏജന്റുമാരും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയ 21 കേസുകൾ പൊലീസ് കണ്ടെത്തി.വ്യാജ രേഖകൾ നിര്‍മിക്കാൻ അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഈടാക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ യുഎസ് സർക്കാർ വിസ തട്ടിപ്പിനും നിയമവിരുദ്ധ കുടിയേറ്റത്തിനും എതിരെ കർശന നടപടികൾ സ്വീകരിച്ചുവരുന്ന സമയത്താണ് പുതിയ സംഭവങ്ങളും പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]