
തിരുവനന്തപുരം: സർക്കാറിനെതിരായ സമരം തുടരുന്നതിനിടെ ആശാ വർക്കർമാർക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ. കണ്ണൂർ കോർപറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വർക്കർമാർക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നൽകാൻ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്. തനത് ഫണ്ടിൽ നിന്ന് പണം നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തിന് സർക്കാർ അനുമതി നൽകുമോ എന്നാണ് ഇനി അറിയേണ്ടത്.
തുച്ഛമായ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ഒന്നര മാസമായി സമരം ചെയ്തിട്ടും സർക്കാർ മുഖം തിരിച്ച് നിന്നതോടെയാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധിക വേതനം നൽകാൻ തീരുമാനമെടുത്തത്. തൃശ്ശൂരിലെ പഴയന്നൂർ, പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തുകളാണ് ആദ്യം അധിക ധനസഹായം നൽകാൻ ബജറ്റിൽ തുക വകയിരുത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് എലപ്പുള്ളി പഞ്ചായത്തും ആറ് നഗരസഭകളും കണ്ണൂർ കോപ്പറേഷനും സമാനമായ തീരുമാനമെടുത്തത്.
ആശ വർക്കർമാർക്ക് പ്രതിമാസം 2000 രൂപ അധിക വേതനം നൽകാനാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷന്റെ തീരുമാനം. വാർഷിക ബജറ്റിലാണ് ഇത് സബന്ധിച്ച പ്രഖ്യാപനം. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയാൽ തനത് ഫണ്ടിൽ നിന്ന് തുക വകയിരുത്തും. ആകെ 128 ആശ വർക്കർമാരാണ് നഗരസഭയിലുള്ളത്. ഇവർക്കായി പ്രതിവർഷം മൂന്ന് കോടി എഴുപത്തിരണ്ടായിരം രൂപ അധികവേതനം നൽകാൻ നീക്കിവെക്കേണ്ടി വരും. ആശ വർക്കർമാർക്ക് അധിക വേതനം നൽകുന്നത് പരിഗണിക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം നൽകിയിരുന്നു.
എലപ്പുള്ളി പഞ്ചായത്ത് പ്രതിമാസം 1000 രൂപയാണ് ആശ വർക്കർമാർക്ക് അധിക വേതനം നൽകുക. എലപ്പുള്ളി പഞ്ചായത്തിൽ 33 ആശാവർക്കർമാരുണ്ട്. ഇവർക്ക് സഹായം നൽകാൻ 396 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തും. കോട്ടയം നഗരസഭയിലെ ആശ വർക്കർമാർക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മണ്ണാർക്കാട് നഗരസഭ 2,100 രൂപ പ്രതിമാസം നൽകും. ആശാ പ്രവർത്തകർക്ക് പ്രതിമാസം 2000 രൂപാണ് പെരുമ്പാവൂർ നഗരസഭ അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ അധിക ഓണറേറിയം ലഭിക്കും. ഇതിനായി ആറര ലക്ഷം രൂപ നീക്കിവയ്ക്കാനാണ് തീരുമാനം. പെരുന്പാവൂർ നഗരസഭയിൽ ആകെ 27 ആശാപ്രവർത്തകരാണ് ഉള്ളത്.
മരട് നഗരസഭയും ആശമാർക്ക് 2000 രൂപ പ്രതിമാസം അധിക ഓണറേറിയം പ്രഖ്യാപിച്ചു. ഇതിനായി ബജറ്റിൽ 850000 രൂപ നീക്കി വച്ചു.
യുഡിഎഫാണ് മരടും ഭരിക്കുന്നത്. 33 വാർഡുകളിലായി 33 ആശാപ്രവർത്തകരാണ് ഉള്ളത്. അധിക തുക അടുത്ത സാമ്പത്തിക വർഷത്തേക്ക് ഇതിനായി കരുതിമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. ആശമാർക്ക് പ്രതിമാസം 7000 രൂപ അധികം നൽകുമെന്ന് ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ഗ്രാമ പഞ്ചായത്തും പ്രഖ്യാപിച്ചു. സർക്കാർ കൊടുക്കുന്ന പൈസക്ക് പുറമെ ആണ് ഇത്. ഇതോടെ മുത്തോലി ഗ്രാമ പഞ്ചായത്തില് വർഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപയാണ് പഞ്ചായത് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
തനത് ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അനുമതി തേടി തദ്ദേശ സ്ഥാപനങ്ങൾ സർക്കാറിനെ സമീപിച്ച് കഴിഞ്ഞു. സർക്കാർ തീരുമാനം പ്രതികൂലമായാൽ യുഡിഎഫ് ഇത് രാഷ്ട്രീയ ആയുധമാക്കും. കഴിഞ്ഞ ദിവസം പുതുച്ചേരി സർക്കാർ ഓണറേറിയം 10000 ൽ നിന്ന് 18000 വർധിപ്പിക്കാൻ തീരുമാനിച്ചത് പ്രതീക്ഷ നൽകുന്ന നടപടിയെന്നാണ് സമരസമിതി പറയുന്നത്.
രാപകൽ സമരം ഇന്ന് 46-ാം ദിവസം
സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തി വരുന്ന രാപകൽ സമരം ഇന്ന് 46 ആം ദിവസത്തിലാണ്. സമരവേദിയിൽ ആശ പ്രവർത്തകർ ആയ ബീന പീറ്റർ, അനിത കുമാരി, എസ് ശൈലജ എന്നിവർ എട്ടാം ദിവസം നിരാഹാര സമരവും തുടരുന്നു. ഇതിനിടെ ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ അടക്കമുള്ള എല്ലാ സ്കീം വർക്കർമാരെയും തൊഴിലാളികളായി അംഗീകരിച്ച് വേതനം നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് വൈകിട്ട് വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടത്തും. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് മാർച്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]