
ജനതാദൾ(യു) നേതാവിന്റെ കൊലപാതകം: 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ തൃശൂർ നാട്ടികയിലെ ജനതാദൾ (യു) നേതാവായിരുന്ന പി.ജി.ദീപക്കിന്റെ (44) കൊലപാതകത്തിൽ 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് . കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഋഷികേഷ്, നിജിൻ, പ്രശാന്ത്, രശാന്ത് ബ്രഷ്ണേവ് എന്നിവർക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാനും കോടതി നിർദേശിച്ചു. കുറ്റക്കാർ എന്നു കണ്ടെത്തിയ 5 പ്രതികളെ ഏപ്രിൽ 8ന് കോടതിയിൽ ഹാജരാക്കണം.
2015 മാർച്ച് 24നാണ് ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ പഴുവിൽ ദീപക്ക് കുത്തേറ്റ് മരിച്ചത്. കേസിൽ അറസ്റ്റിലായ 10 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരും ദീപക്കിന്റെ കുടുംബവും സമർപ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. റേഷൻ വ്യാപാരി കൂടിയായിരുന്ന ദീപക് പഴുവില് സെന്ററിലുള്ള കട അടയ്ക്കാനൊരുങ്ങുന്ന സമയത്ത് വാനിലെത്തിയ സംഘം കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ, മണി (സജീവ്) എന്നിവർക്കും പരുക്കേറ്റിരുന്നു. മുഖംമൂടി ധരിച്ചിരുന്നതിനാൽ അക്രമികളെ തിരിച്ചറിഞ്ഞിരുന്നില്ല.
രാഷ്ട്രീയ കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ കേസിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളായ പത്തു പേരായിരുന്നു പ്രതികൾ. എന്നാൽ മുഖംമൂടി ധരിച്ച് നടന്ന ആക്രമണത്തിലെ യഥാർഥ പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യുഷനായില്ലെന്ന് ചൂണ്ടിക്കാട്ടി 2017ൽ വിചാരണ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു. ബിജെപി പ്രവർത്തകനായിരുന്ന ദീപക് ഏതാനും വർഷം മുൻപ് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.