
‘വസ്ത്രം മാറി, ഷൂ മാറാൻ മറന്നു’: ബലൂചിസ്ഥാനിൽനിന്ന് മുംബൈയിലേക്ക്, പൊലീസിനെ കല്ലെറിഞ്ഞ് ഓടിക്കും, ആരാണ് ‘ഇറാനി’ ഗ്യാങ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ∙ രാജ്യം മുഴുവൻ സാന്നിധ്യം, ആളുകളുടെ ശ്രദ്ധ തിരിച്ചുള്ള മോഷണത്തിൽ വിദഗ്ധർ, കേന്ദ്രം മഹാരാഷ്ട്ര– ചെന്നൈയിലെ മോഷണ പരമ്പരയോടെ, കുപ്രസിദ്ധ മോഷണ സംഘമായ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാല പൊട്ടിച്ചെടുക്കലും ബൈക്ക് മോഷണവുമാണ് സംഘത്തിന്റെ പ്രധാന പരിപാടി. ‘‘തുടർച്ചയായ മോഷണം നടത്തിയശേഷം മാസങ്ങളോളം സംഘാംഗങ്ങൾ അപ്രത്യക്ഷരാകും. അന്വേഷണം നിലയ്ക്കുമ്പോൾ വീണ്ടും മറ്റൊരു സ്ഥലത്ത് മോഷണ പരമ്പരയുമായി രംഗത്തെത്തും. മഹാരാഷ്ട്രയാണ് സ്വദേശമെങ്കിലും സംഘത്തിന് രാജ്യത്തെങ്ങും ശൃംഖലകളുണ്ട്’’– പൊലീസ് പറയുന്നു.
ചെന്നൈയിൽ രാവിലെ നടക്കാനിറങ്ങിയവരെയാണ് സംഘം ലക്ഷ്യമിട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വടക്കേ ഇന്ത്യൻ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം വസ്ത്രം മാറിയാണ് സംഘം രക്ഷപ്പെട്ടത്. എന്നാൽ ധരിച്ചിരുന്ന ഷൂസുകൾ മാറ്റാത്തത് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചു. വിശദമായ അന്വേഷണത്തിലാണ് ഇറാനി സംഘമാണെന്ന് മനസ്സിലായത്.
മുംബൈയിലെ കല്യാണിലാണ് ഇറാനി ഗ്യാങിന്റെ താവളം. ഇവിടെയുള്ള ചേരികളിൽ നിന്നു ക്രിമിനലുകളെ പിടികൂടാൻ പൊലീസ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് ദൗത്യങ്ങൾ വിജയിച്ചിരുന്നില്ല. 40 വർഷങ്ങൾക്ക് മുൻപ് ബലൂചിസ്ഥാൻ അതിർത്തിയിൽനിന്ന് മുംബൈയിലേക്ക് എത്തിയവരുടെ പിൻതലമുറക്കാരാണ് ഇറാനി ഗ്യാങിലുള്ളത്. ചെറുകിട കച്ചവടങ്ങളായിരുന്നു തൊഴിൽ. രണ്ടായിരത്തിനുേശഷം പലരും ക്രിമിനൽ കേസുകളിൽ പ്രതികളായി. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസിനെ ഇറാനി ഗ്യാങ് പലതവണ ആക്രമിച്ചിട്ടുണ്ട്. 2024 ഡിസംബർ നാലിന് മാലമോഷണക്കേസ് അന്വേഷിക്കാമെത്തിയ രണ്ട് പൊലീസുകാരെ മുംബൈ റെയില്േവ സ്റ്റേഷനിൽ സംഘം ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ചു.
താമസസ്ഥലത്തേക്ക് എത്തിയ പൊലീസുകാരെ കല്ലെറിഞ്ഞ് ഓടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2009ൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു ചേരി നിവാസികൾ കൊല്ലപ്പെട്ടു. 5 പൊലീസുകാർക്ക് പരുക്കേറ്റു. ചേരിയിൽ അന്വേഷണത്തിനെത്തിയ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. ഇവർ താമസിക്കുന്ന ചേരിയിൽ രണ്ടായിരത്തോളം പേരുണ്ട്. പലരും സർക്കാർ ഭൂമിയിൽ അനധികൃതമായി താമസിക്കുന്നവരാണ്. ചിലർ തദ്ദേശവാസികളിൽനിന്ന് വീടുവാങ്ങി താമസിക്കുന്നുണ്ട്. തൊഴിൽ പരിശീലനം അടക്കം നൽകി ഇവരെ മോഷണത്തിൽനിന്ന് പിൻതിരിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല.
മാലപൊട്ടിക്കൽ പരമ്പരയെത്തുടർന്ന് അറസ്റ്റിലായ ഇറാനി കവർച്ചാ സംഘത്തിലെ ഒരാൾ തെളിവെടുപ്പിനിടെ ചെന്നൈ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചത് ഇന്നലെയാണ്. പൊലീസിനു നേരെ വെടിയുതിർത്ത പുണെ ആംബിവ്ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്. ജാഫറിനെതിരെ മഹാരാഷ്ട്രയിൽ 150ലധികം കേസുകൾ ഉണ്ടെന്നു പൊലീസ് പറയുന്നു. ചൊവ്വ രാവിലെ 6നും ഏഴിനും ഇടയിൽ ചെന്നൈയിൽ എട്ടിടത്താണു പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചത്. 26 പവൻ കവർന്ന ഇറാനി സംഘം നഗരം വിടുന്നതിനു മുൻപുതന്നെ പൊലീസ് പിടികൂടുകയായിരുന്നു. തെളിവെടുപ്പിനിടെ പൊലീസിനെ വെടിവച്ചപ്പോഴാണ് പൊലീസ് തിരികെ വെടിവച്ചത്.