
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി വന്നേക്കും. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
സംഭവം ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതി നടപടി എന്നാണ് നേതൃത്വത്തിന്റെ തീരുമാനം. രണ്ട് നേതാക്കളും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്താകും എന്നാണ് സൂചന.
തോമസ് ഐസക്കിനായുള്ള പ്രചരണ പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിലായിരുന്നു മുതിർന്ന നേതാവ് എ പത്മകുമാറും അടൂരിൽ നിന്നുള്ള നേതാവ് ഹർഷകുമാറും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പോരടിച്ചത്. പത്മകുമാറും ഹർഷകുമാറും തമ്മിൽ ഏറെക്കാലമായുള്ള തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.
ഹർഷകുമാറും ഒരു വിഭാഗം നേതാക്കളും ചേർന്ന് ജില്ലയിലെ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയതാണ് മുതിർന്ന നേതാവായ പത്മകുമാറിന്റെ അമർഷത്തിന് കാരണം. സ്ഥാനാർത്ഥിയായ തോമസ് ഐസകിനൊപ്പം നേരത്തെ തന്നെ കൂടിയ പത്മകുമാർ തെരഞ്ഞെടുപ്പ് പോരായ്മകൾ ചൂണ്ടിക്കാട്ടി അടൂരിലെ നേതാക്കളെയും പാർട്ടിയെയും നിരന്തരം കുറ്റപ്പെടുത്തുകയാണ്.
കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിലും വിമർശനം ഉന്നയിച്ചിരുന്നു. ഇത്തവണ പക്ഷേ ഹർഷകുമാർ വിമർശനത്തെ എതിർത്തു, തുടർന്ന് കയ്യാങ്കളി ആയി. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന്റെയും സ്ഥാനാർത്ഥിയായ തോമസ് ഐസക്കിന്റെയും നിർദേശപ്രകാരം പോരടിച്ച നേതാക്കളെ ഒന്നിച്ചരുത്തി വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഇരുവർക്കും ഇടയിലെ ഭിന്നത രൂക്ഷമായി തുടരുകയാണ്.
ഇരുനേതാക്കളെയും അനുകൂലിക്കുന്നവരും ചേരി തിരിഞ്ഞ് ജില്ലയില്‍ പാർട്ടിക്കുള്ളിൽ കലാപത്തിന് ഒരുങ്ങുന്നതായും സൂചനയുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയതയ്ക്ക് കളമൊരുക്കുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന കർശന നിർദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 27, 2024, 8:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]