
പത്തനംതിട്ട:മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്നാണ് ഇഡി ഇന്ന് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി തോമസ് ഐസക്. വിരട്ടാൻ നോക്കണ്ടായെന്നും പൗരന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താൻ പോരാടുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് പറയട്ടെ. വിരട്ടാമെന്ന് വിചാരിക്കണ്ട. നിയമ പോരാട്ടം തുടരും.
ഡൽഹിയിൽ ഇരിക്കുന്ന ആരുടെയെങ്കിലും ആഗ്രഹം കാരണമാകും തന്റെ പിന്നാലെ ഇഡി വരുന്നതെന്നും തോമസ് ഐസക് ആരോപിച്ചു. പത്തനംതിട്ടയിലെ കയ്യാങ്കലിയുമായി ബന്ധപ്പെട്ടും തോമസ് ഐസക് പ്രതികരിച്ചു. ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കണ്ടെന്നും രണ്ടു പേരും പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞുവെന്നും പാർട്ടിയിൽ ഒരു തർക്കവും പ്രശ്നവുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. സുഗമമായി പ്രചാരണം നടക്കുകയാണെന്നും പാർട്ടിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഐസക് പറഞ്ഞു.
മസാല ബോണ്ട് കേസില്‍ ഇഡിയുടെ അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. ഇതോടെ ഐസക്കിന് വീണ്ടും ഇഡി സമന്‍സ് അയച്ചിരുന്നു. മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നത് പ്രധാനമാണെന്നാണ് ഇഡി ഇന്ന് കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലവും സമര്‍പ്പിച്ചു. ഇ.ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
എന്നാല്‍, കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്നാണ് കിഫ്ബി ഹൈകോടതിയെ അറിയിച്ചത്. ഹർജികൾ അവധിയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി പറഞ്ഞു. കേസ് ഇനി മെയ് 22 ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡി നിലപാട്. ഇഡി നീക്കം രാഷ്ട്രീയപ്രേരിതമെന്നാണ് ഐസക്കിന്റെ വാദം.
Last Updated Mar 26, 2024, 5:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]