
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്കാരം ഇന്ദിരാഭവനില്‍ ഡോ ജോര്‍ജ് ഓണക്കൂറിനു നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാമുന്നണി അധികാരത്തിലേറിയാല്‍ പൗരത്വനിയമഭേദഗതി നിയമം പിന്‍വലിക്കും. ഈ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കും.
പൗരത്വനിയമത്തില്‍ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും മതം അടിസ്ഥാനമാക്കിയായിരുന്നില്ലെന്നു ആന്റണി ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയെ ആദരിക്കുന്നത് വൈവിധ്യങ്ങളേയും മതേതരത്വത്തേയും സംരക്ഷിച്ചതിനാണ്. തലേക്കുന്നില്‍ ബഷീര്‍ കറകളഞ്ഞ് മതേതരവാദിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്വത്ത് വിറ്റ് കടംവീട്ടുകയും പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് ഒന്നും സമ്പാദിക്കാതെയുമിരുന്ന നിസ്വനായ പൊതുപ്രവര്‍ത്തകനായിരുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിബന്ധനകളില്ലാതെ വിട്ടുതന്ന മഹാമനസ്കനുമായിരുന്നു അദ്ദേഹമെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
അസിമുല്ല ഖാന്റെ ഭാരത് മാതാ കീജെയും അബിദ് ഹസന് സഫ്രാണി ഉയര്‍ത്തിയ ജയ്ഹിന്ദും മുഹമ്മദ് ഇക്ബാല്‍ രചിച്ച ദേശഭക്തി ഗാനം സാരെ ജഹാംസെ അച്ചായും കോണ്‍ഗ്രസുകാര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചപ്പോള്‍ ബ്രിട്ടന് നീണാള്‍ വാഴട്ടെയെന്ന് പാടിനടന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് അനുസ്മരണ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. പൗരത്വനിയമഭേദഗതിയില്‍ മുസ്ലീംകളെ ഒഴിവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് മലപ്പുറത്ത് പ്രസംഗിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തില്‍ മുസ്ലീംകളുടെ സംഭാവനകള്‍ എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ അന്നു കമ്യൂണിസ്റ്റുകാര്‍ എവിടെയായിരുന്നെന്നും ക്വിറ്റ് ഇന്ത്യാസമരത്തെ പിന്നില്‍നിന്നു കുത്തിയ ചരിത്രം അവരുടേതാണെന്നും ഹസന് ചൂണ്ടിക്കാട്ടി.
പൗരത്വനിയമഭേദഗതി നിയമം ലോക്സഭയില്‍ വന്നപ്പോള്‍ അതിനെതിരേ ആദ്യം രംഗത്തുവന്നത് ശശി തരൂരാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ ദേശീയ നേതൃത്വം നിരന്തരം സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തി. മുഖ്യമന്ത്രിക്ക് പൊടുന്നനവെ മുസ്ലീംപ്രേമം ഉയരുന്നത് വോട്ട് ബാങ്ക് മാത്രം ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി നുണപ്രചാരണത്തില്‍ മുഴുകിയിരിക്കുയാണെന്നും ഹസന് പറഞ്ഞു.
ഡോ ശശി തരൂര്‍, വിഎസ് ശിവകുമാര്‍, പാലോട് രവി, ചെറിയാന് ഫിലിപ്പ്, എംആര്‍ തമ്പാന്, ബിഎസ് ബാലചന്ദ്രന്, ഇ. ഷംസുദീന്‍, ജഗ്ഫര്‍ തേമ്പാമൂട്, വിനോദ് സെന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ ജോര്‍ജ് ഓണക്കൂര്‍ മറുപടി പ്രസംഗം നടത്തി.
Last Updated Mar 26, 2024, 6:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]