
കോഴിക്കോട്: രണ്ട് ദിവസം മുമ്പ് മോഷണം പോയ 30 പവൻ സ്വർണം തിരികെ വീട്ടിൽ കൊണ്ടുവച്ച നിലയിൽ കണ്ടെത്തി. മുക്കം കാരശേരി സ്വദേശി കുമാരനല്ലൂർ കൂടങ്ങരമുക്കിൽ ചക്കിങ്ങൽ ഷെറീനയുടെ വീട്ടിലാണ് സംഭവം. വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ചിരുന്ന ബക്കറ്റിലാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണം മോഷണം പോയത്.
ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഈ സമയം ഷെറീനയും കുടുംബവും ബന്ധുവീട്ടിൽ പോയിരുന്നു. ഷെറീനയുടെ മകൾ പ്രസവത്തിനായി വീട്ടിലെത്തിയപ്പോൾ കൊണ്ടുവന്ന സ്വർണമാണ് കള്ളൻ മോഷ്ടിച്ചത്. വീടിന്റെ ഓട് പൊളിച്ചെത്തിയ കള്ളൻ അലമാരയ്ക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന സ്വർണം കട്ടെടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസിൽ പരാതി നൽകി. ഇത് വാർത്തയാവുകയും ചെയ്തു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്ന് നാല് ദിവസം കഴിഞ്ഞ് വീടിന് പുറത്ത് നിന്നും നഷ്ടപ്പെട്ട 30 പവൻ കണ്ടെത്തിയത്. ആരാണ് മോഷണം നടത്തിയതെന്നും പിന്നീട് തിരികെ കൊണ്ടുവച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടിയ ആശ്വാസത്തിലാണ് ഷെറീനയും കുടുംബവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]