
പൂനെ: രാജ്യത്ത് വളർത്ത് പൂച്ചകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് എച്ച് 5 എൻ 1 വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്ക ഉയരുകയാണ്. പക്ഷികളിൽ പകരുന്ന വൈറസാണെങ്കിലും സസ്തനികളിലും ഇവ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അമേരിക്കയിലെ ചില സ്ഥലങ്ങളിൽ വളർത്ത് പൂച്ചകൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അന്ന് ഗവേഷകർ മറ്റ് രാജ്യങ്ങൾക്കും മുൻകരുതൽ നൽകിയതാണ്.
കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിസംബറിൽ പക്ഷിപ്പനി ബാധിച്ച് നാഗ്പൂരിലും നിരവധി പൂച്ചകൾ ചത്തിരുന്നു. എന്നാൽ, ഇതാദ്യമായാണ് വളർത്തുപൂച്ചകളെ രോഗം ബാധിക്കുന്നത്. ഇവയിലൂടെ മനുഷ്യരിലേക്ക് വളരെ വേഗം പകരാൻ സാദ്ധ്യതയുള്ളതിനാൽ ആശങ്ക ഉയരുകയാണ്. ഇന്ത്യയിലുടനീളം കോഴികളിൽ പകർച്ചവ്യാധികൾക്ക് കാരണമായ H5N1 ന്റെ ഒരു വകഭേദമായ 2.3.2.1a തരത്തിലുള്ള വൈറസാണ് വളർത്ത് പൂച്ചകളെ ബാധിച്ചതെന്ന് ശാസ്ത്ര സംഘം തിരിച്ചറിഞ്ഞു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തുള്ള പല വളർത്ത് പൂച്ചകളിലും കടുത്ത പനി, വിശപ്പില്ലായ്മ, അലസത തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെത്തി. പൂച്ചകളിൽ കണ്ടെത്തിയ വൈറസിൽ 27 മ്യൂട്ടേഷനുകൾ സംഭവിച്ചതായും പഠനത്തിൽ വ്യക്തമായി. വളരെ വേഗം വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ, ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനങ്ങളെല്ലാം ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിച്ചിരിക്കുന്നത്. വളർത്ത് പൂച്ചകളിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും അവർ നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]