
ന്യൂഡൽഹി: കോൺഗ്രസുമായി കഴിഞ്ഞ കുറച്ചു കാലങ്ങളായി അകൽച്ചയിൽ കഴിയുന്ന ശശി തരൂർ എംപിക്ക് കോൺഗ്രസ് നിർണായക പദവി നൽകുന്നതായി സൂചന. ശശി തരൂരിനെപോലുള്ള ഒരു നേതാവിനെ പാർട്ടിക്കൊപ്പം നിർത്തുന്നതിന് വേണ്ടിയാണ് കോൺഗ്രസിന്റെ പുതിയ നീക്കം. ലോക്സഭ പ്രതിപക്ഷ ഉപനേതാവ് എന്ന സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിച്ചേക്കും. നിലവിൽ അസമിൽ നിന്നുള്ള എംപി ഗൗരവ് ഗൊഗൊയ് ആണ് പ്രതിപക്ഷ ഉപനേതാവ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞാൽ തൊട്ടടുത്ത പദവിയാണിത്. ഇവിടെ ശശി തരൂരിനെ ഇരുത്താനാണ് ഇപ്പോഴത്തെ നീക്കം.
ഗൗരവ് ഗൊഗൊയിയെ അസം പിസിസി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തോടൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം കൂടിയാണ് അസം. ഗൗരവിന് പിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ച് സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡിന് പദ്ധതിയുണ്ട്. ഗൗരവ് ഗൊഗൊയ് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ രംഗത്തെത്തണമെന്ന നിലപാടാണ് അസം കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട് അസം നേതൃത്വം ഹൈക്കമാൻഡിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് അസം നേതൃത്വത്തിന്റെ യോഗം ഡൽഹയിൽ നടക്കുന്നുണ്ട്. ഈ യോഗത്തിന് ശേഷം അസം പിസിസി അദ്ധ്യക്ഷനായി ഗൗരവ് ഗൊഗോയിയെ പ്രഖ്യാപിക്കാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാൽ ലോക്സഭ പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിയേണ്ടതായി വരും. നിലവിൽ രാഹുൽ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രധാന പദവിയിലേക്ക് പരിഗണിക്കപ്പെടണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാൽ സംഘടന പരിചയം ശശി തരൂരിന് കുറവായത് കൊണ്ട് അത്തരം ചുമതലകൾ നൽകാൻ കോൺഗ്രസ് തയ്യാറായേക്കില്ല. എന്നാൽ ലോക്സഭ ഉപനേതാവ് പദവിയിലേക്ക് പരിഗണിച്ചാൽ തരൂരിന്റെ പിണക്കം ഒരുവിധത്തിൽ മാറുമെന്നാണ് നേതൃത്വം കരുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]