
കൊച്ചി: രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട കൊച്ചി വാട്ടർ മെട്രോ കേരളത്തിന്റെ അഭിമാന പദ്ധതിയായിരുന്നു. കേരളത്തിൽ പദ്ധതി ഹിറ്റായതോടെ ഇന്ത്യയിലെ മറ്റിടങ്ങളിൽ പദ്ധതി വ്യാപിക്കാൻ വിവിധ സർക്കാരുകൾ മുൻകയ്യെടുത്തിരുന്നു. മികച്ച യാത്രാ അനുഭവം മെട്രോ ട്രെയിനിലേത് സമാനമായ സൗകര്യങ്ങളും ഉൾപ്പെടുത്തിയതോടെ കൊച്ചിക്കാർ വാട്ടർ മെട്രോയെ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ കൊച്ചി വാട്ടർ മെട്രോ എറണാകുളം ജില്ലയ്ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ നീക്കം നടക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നഗരത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് മൂന്ന് റൂട്ടുകളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. കുമ്പളം-ആലപ്പുഴ, ആലുവ-നെടുമ്പാശേരി, പറവൂർ- കൊടുങ്ങല്ലൂർ എന്നീ മൂന്ന് റൂട്ടുകളാണ് പരിഗണിക്കുന്നത്. കൊച്ചി കായലിൽ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത് 2023 ഏപ്രിലിലാണ്. തുടക്കത്തിൽ പത്ത് ദ്വീപ് സമൂഹത്തിൽ 38 ടെർമിനലുകളും 15 റൂട്ടുകളുമാണ് ആരംഭിച്ചത്.
വാട്ടർ മെട്രോ പദ്ധതി ആവിഷ്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നൽകിയ നിർദ്ദേശത്തെത്തുടർന്ന് പുതിയ റൂട്ടുകൾക്കായുള്ള വിപുലീകരണ പദ്ധതികൾ ആരംഭിച്ചിരുന്നു. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും സമാനമായ ജലഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള സാദ്ധ്യതാ പഠനം നടത്താൻ മന്ത്രാലയം നേരത്തെ കെഎംആർഎല്ലിനോട് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിപുലീകരണ പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭ സാദ്ധ്യതാ പഠനം നയിക്കാൻ കെഎംആർഎൽ ഒരു ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, കുമ്പളത്തെ ചേർത്തലയുമായോ ആലപ്പുഴയിലെ മറ്റൊരു സ്ഥലവുമായോ ബന്ധിപ്പിക്കുന്ന റൂട്ടുകളെ തിരിച്ചറിഞ്ഞിരുന്നു. ഇതോടൊപ്പം കോട്ടയത്തെ കുമ്പളത്തിനും വൈക്കത്തിനും ഇടയിലുള്ള ഒരു റൂട്ട് കൂടി പരിഗണിച്ചിരുന്നു. അതേസമയം, ആലുവയ്ക്കും നെടുമ്പാശ്ശേരിക്കും ഇടയിലുള്ള വാട്ടർ മെട്രോ സർവീസ് കൊച്ചി വിമാനത്താവളത്തിന്റെ കണക്ടിവിറ്റി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.