
തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ വിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഈരാറ്റുപേട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്നലെയാണ് പി സി ജോർജ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട് പി സി ജോർജിനെ റിമാൻഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
വൈദ്യ പരിശോധനയിൽ ഇ സി ജി വ്യതിയാനം കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കാർഡിയോളജി ഐസിയുവിൽ തിങ്കളാഴ്ച രാത്രിയോടെയാണ് പി സി ജോർജിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഇന്നലെ നടത്തിയ വൈദ്യപരിശോധനയിൽ പി സി ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിൽ പ്രതിയായ പി സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ പി സി ജോർജ് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നൽകിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതിയിലെത്തി കീഴടങ്ങിയ പി സി ജോർജ്, കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പി സി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]