
ഖാർത്തും: സുഡാനിൽ സൈനിക വിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് 46 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന സൈനികരും പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പത്ത് പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഖാർത്തൂമിലെ ഉന്നത സൈനിക കമാൻഡറായ മേജർ ജനറൽ ബാഹർ അഹ്മ്മദും ഉൾപ്പെടുന്നു.
നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ട്. പ്രദേശത്തെ വൈദ്യുതി വിതരണവും താറുമാറായി.
പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി തലസ്ഥാനമായ ഖാർത്തൂമിന് സമീപമുള്ള ഓംദുർമാൻ നഗരത്തിലായിരുന്നു സംഭവം. കരാരി ജില്ലയിലെ വാഡി സെയ്ദ്ന മിലിട്ടറി എയർപോർട്ടിൽ നിന്ന് ആന്റനോവ് മോഡൽ വിമാനം പറന്നുയർന്നതിന് പിന്നാലെ നിലംപതിക്കുകയായിരുന്നു.
അപകട കാരണം വ്യക്തമല്ല. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചെന്നാണ് സൂചന. സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ് ) തമ്മിലുള്ള ആഭ്യന്തര യുദ്ധം തുടരുന്നതിനിടെയാണ് അപകടം. അട്ടിമറി സാദ്ധ്യതയും തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം, സൗത്ത് ദാർഫറിലെ നയാലയിൽ സൈന്യത്തിന്റെ റഷ്യൻ നിർമ്മിത ഇല്യൂഷിൻ വിമാനം ആർ.എസ്.എഫ് വെടിവച്ചിട്ടിരുന്നു.
ഖാർത്തൂമിലും മദ്ധ്യ സുഡാനീസ് നഗരങ്ങളിലും ആർ.എസ്.എഫിനെതിരെ സൈന്യത്തിന്റെ മുന്നേറ്റം ശക്തമായിരിക്കുകയാണ്. 2023 ഏപ്രിൽ മുതലാണ് രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 1,50,000 ലേറെ പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കണക്കുകൾ.