
കൊച്ചി: ഇടഞ്ഞോടില്ല, ഏക്കത്തിന് ലക്ഷങ്ങൾ മുടക്കേണ്ട. ഉത്സവങ്ങൾ മുതൽ ഉദ്ഘാടനത്തിനുവരെ റോബോട്ട് ആനകൾ. സംഭവം ക്ലിക്കായപ്പോൾ ശില്പികൾക്ക് നിന്നുതിരിയാൻ സമയമില്ല. സംസ്ഥാനത്ത് നിലവിൽ 350ൽ താഴെ നാട്ടാനകളാണുള്ളത്. ആനകളുടെ കുറവും കർശന നിയന്ത്രണങ്ങളും സംഘാടകരെ മാറ്റി ചിന്തിപ്പിച്ചു.
25 വർഷം മുമ്പ് തൃശൂർ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിനാണ് സംസ്ഥാനത്ത് ആദ്യമായി യന്ത്രവത്കൃത ആന എത്തിയത്. പ്രമുഖ ശില്പി ഡാവിഞ്ചി സുരേഷായിരുന്നു ഇതിനുപിന്നിൽ. തുടർന്ന് കൂടുതൽ ആനകളെ നിർമ്മിച്ച്, വാടകയ്ക്ക് നൽകി. ഒരുഘട്ടത്തിൽ റോബോട്ട് ആനകളോട് താത്പര്യം കുറഞ്ഞപ്പോൾ നിർമ്മാണം അവസാനിപ്പിച്ചെന്നും ഇപ്പോൾ ആവശ്യക്കാർ കൂടിയതായും ഡാവിഞ്ചി സുരേഷ് പറയുന്നു.
ചെലവ് 4.5 ലക്ഷം വരെ
ഇരുമ്പ് ചട്ടക്കൂടിൽ ആനയുടെ രൂപം തീർക്കും. റബ്ബർചേർത്ത് നിർമ്മിച്ച തുണിയാണ് ത്വക്കായി ഉപയോഗിക്കുന്നത്. തലയുടെ ഭാഗം വേർപെട്ടുനിൽക്കും വിധം ചേർത്തുവയ്ക്കും. മോട്ടോറും മറ്റ് ഇലക്ട്രിക്കൽ ഭാഗങ്ങളും ആനയുടെ വയറിനുള്ളിൽ. ഉന്തിക്കൊണ്ട് പോകാനാവും. മൂന്ന് മുതൽ 4.5ലക്ഷം രൂപ വരെയാണ് നിർമ്മാണച്ചെലവ്.
സൗജന്യമായി 7 റോബോട്ട് ആന
തൃശൂർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ ആഭിമുഖ്യത്തിൽ ഇതുവരെ 7 റോബോട്ട് ആനകളെ ക്ഷേത്രങ്ങൾക്ക് സൗജ്യമായി നൽകി. കൂടുതൽ ക്ഷേത്രങ്ങൾ സമീപിച്ചതായും 300ലധികം ആനകളെ നിർമ്മിച്ച് കൈമാറുമെന്നും സംഘടനാ ഭാരവാഹി വി.കെ.വെങ്കിടാചലം പറഞ്ഞു.
ഇതുവരെ 20 റോബോട്ട് ആനകളെ നിർമ്മിച്ചു. കൂടുതൽപ്പേർ സമീപിച്ചിട്ടുണ്ട്
-സൂരജ് നമ്പ്യാട്ട്,
ആനശില്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]