
വാഷിംഗ്ടൺ: ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഗാസയുടെ ‘ഭാവി” ചിത്രീകരിക്കുന്ന എ.ഐ വീഡിയോ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ട്രംപ് ഗാസ” എന്ന പേരിലെ 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഗാസയിൽ ഭീമൻ കെട്ടിട സമുച്ഛയങ്ങളും ബീച്ച് റിസോർട്ടുകളും പണിതുയർത്തിയതായി കാണാം. ഗാസയിലെ ടൂറിസം വികസനത്തിനും ഊന്നൽ നൽകുന്നു. ട്രംപിനൊപ്പം അടുത്ത അനുയായിയും ശതകോടീശ്വരനുമായ ഇലോൺ മസ്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും എ.ഐ രൂപത്തിൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രംപ് നൈറ്റ് ക്ലബിൽ നൃത്തം ചെയ്യുന്നതും നെതന്യാഹുവിനൊപ്പം ബീച്ചിലെ ഭംഗി ആസ്വദിക്കുന്നതും കാണാം. മസ്ക് ആകട്ടെ, ആകാശത്തേക്ക് ഡോളർ എറിയുന്നു. തിരക്കേറിയ മാർക്കറ്റുകളും ട്രംപിന്റെ ഭീമൻ സ്വർണ പ്രതിമയും ട്രംപ് ഗാസയിലുണ്ട്. ട്രംപിന്റെ റിയൽ എസ്റ്റേറ്റ്, ബിസിനസ് താത്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് വൈറൽ വീഡിയോ. വീഡിയോയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.
യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയെ യു.എസ് ഏറ്റെടുക്കുമെന്നും പാലസ്തീനികളെ അവിടെനിന്ന് മാറ്റി പുനഃരധിവസിപ്പിക്കണമെന്നും ട്രംപ് പറഞ്ഞത് വിവാദമായിരുന്നു. യുദ്ധാനന്തര ഗാസയെ ഇസ്രയേൽ യു.എസിന് നൽകുമെന്നും ഗാസയെ മിഡിൽ ഈസ്റ്റിലെ കടൽത്തീര സുഖവാസ മേഖലയാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ആശയത്തെ അറബ് രാജ്യങ്ങളും യു.എന്നും തള്ളിയിരുന്നു. പാലസ്തീനികളെ കുടിയൊഴിപ്പിച്ചുള്ള ഗാസയുടെ പുനർനിർമ്മാണത്തെ പിന്തുണയ്ക്കില്ലെന്ന് ഇവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]