
കൊച്ചി: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവാ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ തുടരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച ചടങ്ങുകൾ ഇന്ന് വൈകുന്നേരം വരെ തുടരും. 116 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ആലുവയിൽ പിതൃബലി അർപ്പിക്കാൻ എത്തുന്ന ഭക്തർക്കായി മണപ്പുറത്ത് എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഏഴ് ലക്ഷം പേർ ഇത്തവണ ബലിതർപ്പണത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബലിതർപ്പണത്തോടനുബന്ധിച്ച് ആലുവയിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. 1500 പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. പൊലീസിന്റെ മുഴുവൻ സമയ കൺട്രോൾ റൂമും വാച്ച് ടവറും പ്രവർത്തിക്കുന്നുണ്ട്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും അഗ്നിശമന സേനാ അംഗങ്ങളും മണപ്പുറത്തുണ്ട്. ഇന്ന് ഉച്ച വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്പെഷ്യൽ സർവീസുകളും നടത്തുന്നുണ്ട്.
ക്ഷേത്രത്തിലേക്ക് എത്തിച്ചേരാനുളള രണ്ട് വഴികളിലും പൊലീസ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രധാനവഴിയിൽ വാഹനങ്ങൾ നിർത്തിയതിനുശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് നടന്നു വരണമെന്നാണ് നിർദ്ദേശം. തിരക്ക് ഒഴിവാക്കാനാണിത്. സംസ്ഥാനത്തിന്റെ പുറത്ത് നിന്നും ഭക്തർ എത്തുന്നുണ്ട്. ക്ഷേത്രത്തിന് അടുത്തായുളള അദ്വൈതാശ്രമത്തിലും ബലിതർപ്പണ ചടങ്ങുകൾ പുരേഗമിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക കടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുടെ നേതൃത്വത്തിലാണ് ആശ്രമത്തിലെ ബലിതർപ്പണം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]