
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പട്ടികയ്ക്ക് അംഗീകാരം നൽകും.സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും ഒരു പി ബി അംഗത്തെയുമാണ് സിപിഐഎം പോരിനിറക്കുന്നത്.
മൂന്ന് ജില്ലാ സെക്രട്ടറിമാരും രണ്ട് വനിതകളും ഒരു മന്ത്രി ഉൾപ്പെടെ നാല് എംഎൽഎമാരും സ്ഥാനാർത്ഥിപട്ടികയിലുണ്ട്. ആറ്റിങ്ങൽ – വി. ജോയ്, കൊല്ലം -എം. മുകേഷ്, പത്തനംതിട്ട – ഡോ. ടി.എം. തോമസ് ഐസക് എന്നിവർ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങും. ആലപ്പുഴ സിറ്റിങ് എം പി എ.എം. ആരിഫും ഇടുക്കി മുൻ എം പി ജോയ്സ് ജോർജ്ജും മത്സരിക്കും. എറണാകുളത്ത് അപ്രതീക്ഷിത സ്ഥാനാർത്ഥിയാണ് വന്നത്. കെ.ജെ. ഷൈൻ ആയിരിക്കും സ്ഥാനാർത്ഥി.
ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥായിരിക്കും മത്സരിക്കുക. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഇറങ്ങും. പാലക്കാട് പി ബി അംഗം എ. വിജയരാഘവൻ മത്സരിക്കും. പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന കെഎസ് ഹംസയെ മത്സരിപ്പിക്കാനാണ് സിപിഐഎം തീരുമാനം. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫും കോഴിക്കോട് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും മത്സരിക്കും.
വടകരയിൽ കെ മുരളീധരനെതിരെ കെ.കെ. ശൈലജയെയാണ് സിപിഐഎം ഇറക്കുന്നത്. കണ്ണൂരിലും കാസർകോടും ജില്ലാ സെക്രട്ടറിമാരായിരിക്കും മത്സരിക്കുക. കണ്ണൂരിൽ എം.വി. ജയരാജനും കാസർകോഡ് എം.വി. ബാലകൃഷ്ണനും മത്സരിക്കും. സിപിഐഎം കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ഇടത് മുന്നണിയുടെ 20 സ്ഥാനാർത്ഥികളും ഔദ്യോഗിക പ്രചാരണം ആരംഭിക്കും.
Story Highlights: Lok sabha CPIM candidates to be announced today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]