
ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താല്‍ പിൻവലിച്ചു. കെ ഡി എച്ച് വില്ലേജ് പരിധിയിലായിരുന്നു ഹര്‍ത്താൽ ആചരിച്ചിരുന്നത്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയിട്ടുണ്ട്. 10 ലക്ഷം രൂപയാണ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഹര്‍ത്താൽ പിൻവലിച്ചത്. സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്നതിന് വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചിലവും പരിക്കേറ്റവരുടെ ചികിത്സാ ചിലവും വനം വകുപ്പ് ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര് ആര് ടി സംഘം വിപുലപ്പെടുത്തും. അക്രമകാരികളായ ആനകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സി സി എഫിന് ശുപാർശ നൽകുമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം, കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സുരേഷ് കുമാറിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.
മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്.
ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും കാര്യമായ പരിക്കേറ്റിട്ടില്ല. പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏത് കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് പരിശോധിക്കുകയാണ്. പരിക്കേറ്റവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 23 ന് മൂന്നാർ ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു.
Last Updated Feb 27, 2024, 12:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]