
കാലിഫോർണിയ: പ്രണയദിനത്തിനായി ടെസ്ലയിൽ നിന്ന് ലഭിച്ചത് വൻ ഓർഡർ. പലഹാരം തയ്യാറാക്കുന്നതിനിടെ ഓർഡർ ക്യാൻസലാക്കി പിന്നെയും ഓർഡറിട്ട് ബേക്കറി ഉടമയെ നഷ്ടത്തിലാക്കി. സംഭവം വൈറലായതോടെ ഇടപെട്ട് ഇലോൺ മസ്ക്. കാലിഫോർണിയയിലെ സാൻ ജോസിലെ ഒരു ചെറുകിട ബേക്കറിയിലേക്കാണ് വാലന്റൈൻസ് ദിനത്തിലേക്കായി ഇലോൺ മസ്കിന്റെ ടെസ്ലയിൽ നിന്ന് 2000 പൈ യുടെ ഓർഡർ ലഭിക്കുന്നത്. പിന്നീട് ഈ ഓർഡർ ടെസ്ല റദ്ദാക്കി. അൽപ നേരത്തിന് പിന്നാലെ 4000 പൈ വേണമെന്ന ആവശ്യവുമായി ബേക്കറിയിലേക്ക് ടെസ്ലയിൽ നിന്ന് വീണ്ടും ഓർഡറെത്തി.
വലിയ ഓർഡറായതിനാൽ ഏറെ ശ്രദ്ധിച്ച് പലഹാരം നിർമ്മിച്ച് കഴിയുമ്പോഴാണ് ഓർഡർ റദ്ദാക്കിയെന്ന് ടെസ്ല അറിയിക്കുന്നത്. ഓഡറിനായി അഡ്വാൻസ് പോലും നൽകാതെയായിരുന്നു ടെസ്ലയുടെ നടപടി. വൻ തുക നഷ്ടത്തിലായ ബേക്കറി ഉടമ സംഭവത്തേക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് എഴുതിയിരുന്നു. ചെറുകിട സ്ഥാപനങ്ങളോട് ടെസ്ല പോലുള്ള വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഇത്തരത്തിൽ ചെയ്യുന്ന ക്രൂരതയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചായിരുന്നു കുറിപ്പ്. ഈ കുറിപ്പ് വലിയ രീതിയിൽ വൈറലായതോടെ സംഭവം ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ബേക്കറി ഉടമയ്ക്ക് നഷ്ടമായ പണം നൽകാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. 2000 യുഎസ് ഡോളർ (ഏകദേശം165800 രൂപ)യാണ് കാലിഫോർണിയയിലെ ഗിവിംഗ് പൈസ് എന്ന ചെറുകിട ബേക്കറിക്ക് ടെസ്ല നഷ്ടപരിഹാരമായി നൽകിയത്. എന്തായാലും വലിയ രീതിയിലുണ്ടാക്കിയ പലഹാരം പാഴായി പോകുമെന്ന ബേക്കറി ഉടമയുടെ പരാതിയ്ക്കും പരിഹാരമായി. കുറിപ്പ് വൈറലായതോടെ സമീപത്തേയും പ്രദേശത്തേയും നിരവധിപ്പേരാണ് ബേക്കറിയിലേക്ക് പൈ ആവശ്യപ്പെട്ട് എത്തിയത്. ടെസ്ലയുടെ വൻ ഓർഡർ നഷ്ടമായെങ്കിലും നിരവധി പേർ സഹായവുമായി എത്തിയതിന്റെ ആശ്വാസത്തിലാണ് ഗിവിംഗ് പൈസ് ഉടമ.
Last Updated Feb 27, 2024, 12:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]