
അജ്മാന്: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന് അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന് കോണ്‍സല്‍ ജനറല്‍ ഹുസൈന് മുഹമ്മദും വ്യക്തമാക്കി. കോൺസുലേറ്റ് വെൽഫെയർ വിങ് പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികൾ സന്ദർശിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി സംസാരിക്കുകയും ചെയ്തു.
Read Also –
അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുന്നതിനിടെ വാഹനാപകടം; യുഎഇയിൽ അഞ്ച് വയസുകാരി മരിച്ചു
ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബൈ എമിറേറ്റ്സ് എയരർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിയായിരുന്നു.
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി ദുബൈ റാഷിദിയ്യയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബൈ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാർജയിൽ താമസിക്കുന്ന ജോബിൻ ബാബു വർഗീസ് ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ്. നയോമിയുടെ ഇരട്ട സഹോദരൻ നീതിൻ ജോബിനും ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയാണ്. നോവ ജോയ് മറ്റൊരു സഹോദരിയാണ്. വിവരമറിച്ച് ജോബിന്റെ മാതാപിതാക്കൾ ഷാർജയിൽ എത്തിയിട്ടുണ്ട്. നയോമിയുടെ മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]