
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ പണം അടക്കാൻ വന്ന വനിതാ ഏജന്റിനെ വെട്ടിക്കൊല്ലാൻ സഹോദരീ ഭർത്താവിന്റെ ശ്രമം. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് കാളുതറ വീട്ടിൽ മായ(37)ക്കാണ് വെട്ടേറ്റത്. മായയുടെ സഹോദരീ ഭർത്താവ് കൈചൂണ്ടി കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. വിവാഹ ബന്ധം വേർപെടുത്താൻ നിയമ നടപടികൾ സ്വീകരിച്ച ശേഷം കഴിഞ്ഞ ഒരു വർഷമായി അശ്വതി കുട്ടികളുമൊത്ത് കളർകോടുള്ള സ്വന്തം വീട്ടിലാണ് താമസം. നാലാം ക്ലാസ് വിദ്യാർഥിയായ മകനെ കൂട്ടികൊണ്ടുപോകാൻ സുരേഷ് ബാബു ശ്രമിച്ചിരുന്നു. തിങ്കളാഴ്ച പകൽ സ്കൂളിൽ ചെന്നിരുന്നെങ്കിലും ഇയാളെ കുറിച്ചുള്ള വിവരം അറിയാവുന്നതിനാൽ സ്കൂള്‍ അധികൃതർ കുട്ടിയെ വിട്ടില്ല. പിന്നാലെ മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇയാൾ കെഎസ്എഫ്ഇ ശാഖയിലെത്തിയത്. കള്ളക്കേസിൽ കുടുക്കി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. അശ്വതി നൽകിയ പരാതിയിൽ അറസ്റ്റിലായ സുരേഷ് ജയിലില്‍ നിന്നിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. പരാതിക്ക് പിന്നിൽ മായയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കെഎസ്എഫ്ഇ കളർകോട് ശാഖയിൽ പണം അടയ്ക്കാനെത്തിയതായിരുന്നു മായ. ജീവനക്കാരിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ സുരേഷ് മായയെ പിന്നിൽനിന്നും വെട്ടുകയായിരുന്നു. ഇതിനിടെ ഇയാളുടെ കയ്യിൽ നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്എഫ്ഇ ജീവനക്കാർ ഓടിയെത്തി സുരേഷിനെ കീഴ്പ്പെടുത്തുകയായിരുന്നു. വൈകാതെ ഇയാളെ പൊലീസത്തി കസ്റ്റഡിയിലെടുത്തു. കഴുത്തിന് പിൻഭാഗത്ത് വെട്ടേറ്റ മായയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated Feb 26, 2024, 9:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]