
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ വെച്ച് ആന്ധ്ര ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാവാനുള്ള കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ താരം ഹനുമാ വിഹാരി. രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെതിരെ ആന്ധ്ര ജയിച്ചു തുടങ്ങിയതിന് പിന്നാലെയാണ് ഹനുമാ വിഹാരി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. റിക്കി ബൂയി ആണ് സീസണില്ഡ പിന്നീട് ആന്ധ്രയെ നയിച്ചത്. ക്വാര്‍ട്ടറിലെത്തിയ ആന്ധ്ര മധ്യപ്രദേശിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ടീമിലെ സീനിയര്‍ താരമാ വിഹാരി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള കാരണം വ്യക്തമാക്കിയത്.
ടീം അംഗമായിരുന്നു ഒരു കളിക്കാരനെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു. ടീമിലെ പതിനേഴമനായിരുന്ന ആ താരം ഒരു പ്രമു രാഷ്ട്രീയ നേതാവിന്റെ മകന് കൂടിയാണ്. ഞാന്‍ ചീത്തവിളിച്ചുവെന്ന് കളിക്കാരന് തന്റെ അച്ഛനോട് പരാതി പറഞ്ഞു. ഇതോടെ രാഷ്ട്രീയ നേതാവിന്റെ സമ്മര്‍ദ്ദത്തിലാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന് എന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത്. അടുത്ത സീസണില്‍ ആന്ധ്രക്കായി കളിക്കാന്‍ താല്പര്യമില്ലെന്നും വിഹാരി പറഞ്ഞു.
വിഹാരി ഒരു കളിക്കാരന്റെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും വിഹാരിയുടെ പോസ്റ്റിന് താഴെ ആന്ധ്ര ടീം അംഗമായ പൃഥ്വിരാജ് മറുപടിയുമായി എത്തി. കമന്റ് ബോക്സില്‍ നിങ്ങള്‍ തിരയുന്ന ആ കളിക്കാരന് ഞാനാണ്. എന്നാല്‍ നിങ്ങള്‍ കേട്ടതൊക്കെ നുണയാണ്. ആരും ടീമിനും ക്രിക്കറ്റിനും മുകളിലല്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങളോ, വൃത്തികെട്ട ഭാഷയോ ഏത് ഇടത്തായാലും അംഗീകരിക്കാനാവില്ലെന്നും പൃഥ്വിരാജ് മറുപടി നല്കി.
അന്ന് എന്താണ് സംഭവിച്ചതെന്ന് ടീമിലെ എല്ലാവര്ക്കും അറിയാം. നിങ്ങള്‍ സഹതാപം പ്രതീക്ഷിച്ചാണ് ഇത് പറയുന്നതെങ്കില്‍ പറഞ്ഞോളുവെന്നും ആന്ധ്രക്കായി ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത പൃത്ഥ്വിരാജ് പറഞ്ഞു. മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വലതുകൈയിന് പരിക്കേറ്റ വിഹാരി രണ്ടാം ഇന്നിംഗ്സില്‍ ഇടം കൈ കൊണ്ട് ബാറ്റ് ചെയ്യാനായി എത്തിയെങ്കിലും അനിവാര്യമായ തോല്‍വി ഒഴിവാക്കാനായിരുന്നില്ല.
ഏതെങ്കിലും ഒരു കളിക്കാരനെതിരെയും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ കൈക്ക് പരിക്കേറ്റിട്ടും ഇടം കൈ കൊണ്ട് പോലും ബാറ്റ് ചെയ്യാനിറങ്ങുന്ന, കഴിഞ്ഞ ഏഴ് സീസണുകളില്‍ അഞ്ചിലും ആന്ധ്രയെ നോക്കൗട്ടിലെത്തിച്ചൊരു കളിക്കാരനെക്കാള്‍ പ്രാധാന്യം ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത രു കളിക്കാരന് അസോസിയേഷന് നല്‍കിയെന്നും വിഹാരി പറഞ്ഞു. കളിയോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ഈ സീസണില്‍ തുടര്‍ന്ന് കളിച്ചതെന്നും ഇനിയൊരിക്കലും ആന്ധ്രക്കായി കളിക്കില്ലെന്നും വിഹാരി വ്യക്തമാക്കി.
Last Updated Feb 26, 2024, 6:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]