ന്യൂഡൽഹി : ഹേമ കമ്മിറ്റിക്ക് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിച്ച നടിക്ക് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നോട്ടീസ്. വരുന്ന 29ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാനാണ് നോട്ടീസ് നൽകിയത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 183ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകാനാണ് നിർദ്ദേശം. ഉച്ചയ്ക്ക് 2.30ന് ഹാജരാകണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന് നോട്ടീസ് അയച്ചത്.
നോട്ടീസിന്റെ പകർപ്പ് താരത്തിന്റെ അഭിഭാഷകൻ തിങ്കളാഴ്ച ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന് കൈമാറി. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് കണക്കിലെടുക്കാതെയാണ് ചലച്ചിത്രതാരത്തിന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടിയെടുത്തിരിക്കുന്നതെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജികളിൽ ഇന്ന് ഉത്തരവിറക്കും എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് കോടതി ഉത്തരവ് ഇറക്കിയില്ല. പരാതിയുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലാത്തവരുടേ കേസിന്റെ നടപടികൾ അവസാനിപ്പിക്കുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]