പഠിച്ചത് ബയോടെക്നോളജി, എന്നാൽ ജോലിയ്ക്കായി തിരഞ്ഞെടുത്തത് ഐടി, നാല് വർഷത്തെ ജോലിക്ക് ശേഷം അത് രാജിവച്ച് സ്വന്തം സംരംഭത്തിലേക്ക് ഇറങ്ങുമ്പോൾ ഹർഷ പുതുശ്ശേരിയ്ക്ക് വയസ് വെറും 29. പെയിന്റിംഗിൽ ഉണ്ടായിരുന്ന താൽപര്യവും കഴിവുമാണ് മറ്റൊരു പാത തിരഞ്ഞെടുക്കാൻ ഈ കോഴിക്കോട്ടുകാരിക്ക് തുണയായത്. കോഴിക്കോട് ബാലുശേരിക്കടുത്തുള്ള ഇയ്യാട് എന്ന ചെറിയ ഗ്രാമത്തിലാണ് ഹർഷ ജനിച്ചത്. പിതാവ് രാജൻ പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. മാതാവ് അനിത. അനിയൻ നിഥിൻ. നിഥിനൊപ്പം ചേർന്നാണ് ഐറാലൂം എന്ന കമ്പനി തുടങ്ങുന്നത്.
പ്ലാസ്റ്റിക്കിനെ പടിക്ക് പുറത്തുനിർത്തി കോട്ടൺ, ജ്യൂട്ട്, ബാംബൂ, ചിരട്ട, പേപ്പർ, മുള, പരുത്തി, ചണം എന്നിവ ഉപയോഗിച്ച് ബദൽ ഉത്പന്നങ്ങൾ ഉണ്ടാക്കി വിൽപന ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും ഐറാലൂം ഒരു ബ്രാൻഡായി മാറി കഴിഞ്ഞു. 2019ൽ കോട്ടൺ ബാഗുകൾ ഉണ്ടാക്കിയാണ് ആദ്യം തുടങ്ങിയത്. പല വിധത്തിലുള്ള സാധനങ്ങൾ കരകൗശല വിദഗ്ധരുമായി ചേർന്നാണ് നിർമ്മിക്കുന്നത്. ഹോം ഡെക്കർ, മുളപ്പേന, ഓഫീസ് ഉത്പന്നങ്ങൾ, ഗിഫ്റ്റ് ഐറ്റംസ്, ആഭരണങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ട്. എല്ലാം നൂറ് ശതമാനം പ്രകൃതി സൗഹൃദ ഉൽപന്നങ്ങളാണ്.
സ്ക്രാപ്പ് പെയിന്റിംഗിൽ 2016ൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഹർഷ ഇടം നേടിയിരുന്നു. പെൻസിൽ അവശിഷ്ടങ്ങൾ ഉപയോഗിച്ച് രണ്ട് മീറ്റർ നീളത്തിൽ ഒരുക്കിയ പെയിന്റിംഗിനാണ് റെക്കോർഡ് സ്വന്തമാക്കിയത്. 2019ൽ ബെസ്റ്റ് സോഷ്യൽ ഇംപാക്ട് സ്റ്റാർട്ടപ്പായി ഐറാലൂം മാറി. തുടർന്ന് നിരവധി അംഗീകാരങ്ങൾ കമ്പനിയെ തേടിയെത്തി. ഐഐഎം ബംഗളൂരുവിലെ ഗോൾഡ് മാൻ സാക്സ് 10000 വിമൻ പ്രോഗ്രാമിലും ഫിനാഷ്യൽ ഫോർ ഗ്രോത്ത് പ്രോഗ്രാമിലും ഐറാലൂം തിരഞ്ഞെടുക്കപ്പെട്ടു.
ഹോബിയെ ബിസിനസ് ആക്കി
ചെറുപ്പം മുതലെ പെയിന്റിംഗ് ഇഷ്ടമായിരുന്നു. ജോലി ചെയ്യുന്ന സമയത്ത് പെയിന്റിംഗും കസ്റ്റമെെസ്ഡ് ഗിഫ്റ്റുകളും വിറ്റതിലൂടെയാണ് പുതിയ സ്റ്റാർട്ട് ആപ്പ് തുടങ്ങാൻ തീരുമാനിച്ചത്. 2019ൽ കമ്പനി തുടങ്ങിയപ്പോൾ ഒരു ഹോബിയെ എങ്ങനെ ബിസിനസാക്കാം എന്നായിരുന്നു ചിന്ത.
തുടക്കം വളരെ നല്ലതായിരുന്നു. ആ സമയത്ത് പ്ലാസ്റ്റിക് നിരോധിച്ചത് പ്രയോജനം ചെയ്തു. ആദ്യം കമ്പനി തുടങ്ങിയപ്പോൾ ഓഡർ ലഭിച്ചത് മെെക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്നാണ്. കൊവിഡ് വന്നപ്പോൾ കമ്പനി അടയ്ക്കേണ്ടിവന്നു. തുടങ്ങിയ സമയത്ത് എല്ലാം ഓഫ് ലൈനിൽ ആയിരുന്നു. അതിനാൽ കൊവിഡ് സമയത്ത് വരുമാനം വളരെ കുറവായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2020ലാണ് ആദ്യത്തെ വെബ്സൈറ്റ് ആരംഭിക്കുന്നത്. ഇപ്പോൾ കമ്പനി തുടങ്ങിയിട്ട് അഞ്ച് വർഷമായി. ഏകദേശം ഒരു കോടിയുടെ വിറ്റുവരവുണ്ട്. ഇപ്പോൾ കരകൗശല വസ്തുക്കളുടെ ഉപയോഗം കൂട്ടാൻ എഐയുടെ സഹായത്തോടെ കൂടുതൽ ഐഡിയകളും കൊണ്ടുവന്നിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തായി കരകൗശല പണിക്കാരുടെ സംഘം ഐറാലൂമിനായി പ്രവർത്തിക്കുന്നുണ്ട്.
വിജയത്തിന് കാരണം
അഞ്ച് വർഷത്തിനിടെ കമ്പനി ഇത്രയും വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ കാരണം ഒന്ന് ഞങ്ങൾക്ക് കിട്ടിയ ഇൻക്യുബേഷൻസാണ്. 2019ൽ തന്നെ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഇൻക്യുബേഷൻ ലഭിച്ചിരുന്നു. പിന്നെ തുടരെ തുടരെ കിട്ടിയ ഗ്രാന്റുകൾ. വനിതാ സംരംഭകയായത് കൊണ്ടും ഇത്തരം ഒരു കമ്പനിയായത് കൊണ്ടും നല്ല സ്വീകാര്യത ലഭിച്ചിരുന്നു. സ്റ്റാർട്ട് അപ്പ് മിഷൻ, ഐഐഎം കോഴിക്കോട്, ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങിലൊക്കെ ഇൻകുബേഷനും പിന്തുണയും കമ്പനിയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്ന് തന്നെ പറയാം.
മുന്നോട്ടുള്ള ലക്ഷ്യം
ലോകത്ത് എല്ലായിടത്തും ഐറാലൂം അറിയപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ഇന്ത്യൻ കരകൗശല വസ്തുക്കളെ കുറിച്ച് ലോകത്ത് എവിടെ നിന്ന് തിരഞ്ഞാലും ഐറാലൂമിനെക്കുറിച്ച് ജനങ്ങൾക്ക് അറിയാൻ കഴിയണം.
2023 മുതലാണ് കയറ്റുമതി തുടങ്ങിയത്. ഗൾഫ്, അമേരിക്ക, നെതർലാന്റ് തുടങ്ങിയ പല രാജ്യങ്ങളിലേക്കും എല്ലാമാസവും സാധനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ആലുവയിലാണ് പ്രധാന സ്റ്റോർ വരുന്നത്. അവിടെ ഈ വർഷം കുറച്ച് പരിപാടികൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അത് ഒരു പ്രവൃത്തി പരിചയകേന്ദ്രമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ചെയ്യുകയാണ്.